മുംബയ്: ബോളിവുഡ് നടന്റെ മകളെ ബ്ലാക്ക്‌മെയിൽ ചെയ്ത ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ. തനിക്ക് പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയെ വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മുംബയിലെ മാലദ് നിവാസിയായ കുമൈൽ ഹനീഫ് പതാനിയാണ് അറസ്റ്റിലായതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾ പ്രകാരവും, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയുടെ സഹോദരി ഈ പെൺകുട്ടിയുടെ കൂടെയാണ് പഠിക്കുന്നത്. എല്ലാം ഇവരുടെ അറിവോടെയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അടുത്തിടെ ഭീഷണി സന്ദേശങ്ങൾ അയച്ചതായും, കോളേജ് കാലത്തേ പെൺകുട്ടിയെ പരിചയമുണ്ടായിരുന്നെന്നും, അവളുടെ സ്വകാര്യ ചിത്രങ്ങൾ കൈവശമുണ്ടെന്നും പ്രതി പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയയിൽ വൈറലാക്കുമെന്നായിരുന്നു നടന്റെ മകളെ ഇയാൾ ഭീഷണിപ്പെടുത്തിയത്.