തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്കായി ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുവരുന്ന ആന്റിജൻ കിറ്റുകൾ കൂട്ടത്തോടെ വാങ്ങി സംസ്ഥാന സർക്കാർ. 4.40 ലക്ഷം കിറ്റുകളാണ് രോഗബാധ ഉണ്ടായശേഷം കഴിഞ്ഞയാഴ്ച വരെ വാങ്ങിയത്. ആന്റിജൻ പരിശോധന തുടങ്ങാൻ സ്വകാര്യ ആശുപത്രികളെ പ്രേരിപ്പിക്കുന്നതിനൊപ്പമാണ് സർക്കാർ ഇത്രയും കിറ്റുകൾ കൂടി വാങ്ങിയത്. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്ന ടെസ്റ്റുകളിൽ 40 ശതമാനവും ആന്റിജൻ പരിശോധനകളാണ്.
ടെസ്റ്റ് കൂട്ടും
ഇതുവരെ സർക്കാർ ഓർഡർ നൽകിയ ആർ.ടി പി.സി.ആർ കിറ്റുകൾ 4.58 ലക്ഷമാണ്. ഇതിൽ 3.98 ലക്ഷം കിറ്റുകൾ ലഭിച്ചു കഴിഞ്ഞു. 30,000 കിറ്റുകൾ കൂടി ഉടൻ ലഭിക്കും. അതേസമയം, പ്രവാസികളെയും സെന്റിനൽ സർവെയലൻസിന്റെ ഭാഗമായുള്ള മുൻഗണനാ ക്രമത്തിലുമുള്ള 1.48 ലക്ഷം ആന്റിജൻ ടെസ്റ്റുകളാണ് ഇതുവരെ സർക്കാർ നടത്തിയത്. കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ആന്റിജൻ കിറ്റുകൾ വാങ്ങുന്നതിന്റെ എണ്ണവും കൂട്ടുന്നത്. സ്വകാര്യ ലാബുകളും ആശുപത്രികളുമായി 55 സ്ഥാപനങ്ങൾക്ക് ആന്റിജൻ ടെസ്റ്റ് നടത്താൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു.
ഫലം നെഗറ്റീവായാൽ
ആന്റിജൻ പരിശോധനാ ഫലം സംബന്ധിച്ച് ചില സംശയങ്ങൾ ചില ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. കൃത്യതയില്ലാത്ത ഫലമാണ് ലഭിക്കുന്നതെന്നാണ് ആക്ഷേപം. അതിനാൽ തന്നെ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇവർക്ക് പിന്നീട് രോഗലക്ഷണങ്ങൾ ഉണ്ടായാൽ അവരെ ആർ.ടി പി.സി.ആർ ടെസ്റ്റിന് വിധേയരാക്കും. ആന്റിജൻ ടെസ്റ്റിന്റെ കൃത്യത സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഐ.സി.എം.ആറിനോട് കേന്ദ്രസർക്കാരും നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം സംബന്ധിച്ച് വിരുദ്ധാഭിപ്രായങ്ങൾ ഉയർന്നതിനെ തുടർന്നാണിത്. തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാർക്ക് ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും എന്നാൽ ആലപ്പുഴ വൈറോളജി ഇൻസ്‌റ്റിറ്ര്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയതും അടുത്തിടെയാണ്.
ആന്റിജൻ പരിശോധന
കൊവിഡ് രോഗനിർണയം എളുപ്പത്തിൽ സാദ്ധ്യമാകുന്ന പരിശോധനയാണ് ആന്റിജൻ ടെസ്റ്റ്. ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്തിയാൽ ഫലം ലഭിക്കാൻ 5-7 ദിവസങ്ങളെടുക്കുമ്പോൾ 30 മിനിട്ട് കൊണ്ട് ഫലമറിയാം എന്നതാണ് ആന്റിജൻ ടെസ്റ്റിന്റെ മേന്മ. ഇത് വളരെ വേഗം രോഗികളെ കണ്ടെത്തുന്നതിനും ചികിത്സ നൽകുന്നതിനും സഹായിക്കുന്നു. റാപ്പിഡ് ടെസ്റ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. കൊവിഡ് വൈറസിന്റെ പ്രോട്ടീൻ എന്ന പുറംഭാഗമാണ് ആന്റിജൻ ടെസ്റ്റ് വഴി പരിശോധിക്കുന്നത്. എന്നാൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് വഴി പരിശോധിക്കുന്നത് വൈറസിന്റെ ന്യൂക്ലിക് ആസിഡ് എന്ന ഉൾഭാഗമാണ്. ആന്റിജൻ ടെസ്റ്റ് നടത്താൻ മൂക്കിലെ സ്രവമാണ് ശേഖരിക്കുക. തൊണ്ടയിലെ സ്രവമാണ് ആർ.ടി.പി.സി.ആർ ടെസ്‌റ്റിനായി ശേഖരിക്കുന്നത്.