
തിരുവനന്തപുരം: സ്വകാര്യ ബസ് സർവ്വീസ് നിർത്തിവയ്ക്കുന്ന കാര്യം ബസുടമകൾ നന്നായി ആലോചിച്ച് തീരുമാനിക്കണമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. സർക്കാർ വീണ്ടും ചർച്ചയ്ക്ക് തയാറാണ്. സർവീസ് നിർത്തുന്നതിന് മുമ്പ് ജനങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സർവീസ് നിർത്തിയാൽ യാത്രക്കാർ പൊതുഗതാഗത സംവിധാനങ്ങളെ ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിസന്ധിയും ഇന്ധനവിലവർദ്ധനവും,ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകൾ സർവീസ് നിർത്തലാക്കാൻ തീരുമാനിച്ചത്. പൂർണമായി സർവീസ് നിർത്തലാക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സംഘടന വ്യക്തമാക്കിയെങ്കിലും ഇത് നടപ്പായിട്ടില്ല. ഒരു വിഭാഗം ഉടമകൾ വ്യത്യസ്ത നിലപാടുമായി മുന്നോട്ടുപോവുകയാണ്. നഷ്ടമില്ലാതെ തുടർന്നാലും സർവ്വീസ് നടത്താമെന്നാണ് ഇവരുടെ നിലപാട്.
1300 സ്വകാര്യ ബസുകളുള്ള കണ്ണൂർ ജില്ലയിൽ പകുതിയിലധികം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. ഇതോടെ കെ.എസ്.ആർ.ടി.സി ഇല്ലാത്ത റൂട്ടുകളിൽ പൊതുഗതാഗതം നിലച്ചു. കാസർകോടും തിരുവന്തപുരത്തും കോട്ടയത്തും സ്വകാര്യബസുകൾ പൂർണമായി നിരത്തിലിറങ്ങിയില്ല. മലപ്പുറം ആലപ്പുഴ ജില്ലകളിൽ ഓടിയത് വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രമാണ്. ഇടുക്കി ,പാലക്കാട്,തൃശൂർ ജില്ലകളിൽ ഭാഗികമായാണ് സർവീസ്.