news

1. രാജ്യത്ത് അണ്‍ലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു ഉണ്ടാകില്ല. ഈ മാസം അഞ്ചാം തീയതി മുതല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും നഗരങ്ങളില്‍ ലോക്ഡൗണ്‍ നീട്ടാന്‍ പല സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് അഞ്ച് മുതല്‍ ജിംനേഷ്യം,യോഗ കേന്ദ്രങ്ങള്‍ എന്നിവയ്ക്കും തുറക്കാം. കടകള്‍, ഭക്ഷണ ശാലകള്‍ എന്നിവ രാത്രിയും തുറന്നിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെട്രോ, സ്റ്റേഡിയങ്ങള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, നീന്തല്‍ക്കുളം, പാര്‍ക്ക്, സമ്മേളന ഹാള്‍ തുടങ്ങിയവ അടഞ്ഞു തന്നെ കിടക്കും. അന്താരാഷ്ട്ര വിമാന സര്‍വീസ് വന്ദേ ഭാരത് ദൗത്യം വഴി മാത്രമാണ്. നിയന്ത്രിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരും. സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകള്‍ അനുവദിക്കും
2. വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടം ഇന്ന് തുടങ്ങും. 22 രാജ്യങ്ങളില്‍ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. യു.എ.ഇയില്‍ നിന്നാണ് കൂടുതല്‍ സര്‍വ്വീസുകളും, 341 എണ്ണം. കേരളത്തിലേക്ക് ഇത്തവണ 219 വിമാനങ്ങളാണ് ഉള്ളത്. കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുള്ളതും ഈ ഘട്ടത്തിലാണ്. കഴിഞ്ഞ ഘട്ടത്തില്‍ 168 വിമാനങ്ങളാണ് ഉണ്ടായിരുന്നത്.

ഇതുവരെ 2.50 ലക്ഷം ഇന്ത്യാക്കാരെ വന്ദേ ഭാരത് ദൗത്യത്തിലൂടെ രാജ്യത്തേക്ക് എത്തിച്ചു എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്


3.ം.പി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം. മത്സരം വരിക ആണെങ്കില്‍ കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന് ആണെന്നും, അതിനാല്‍ തന്നെ വിപ്പ് നല്‍കേണ്ടത് റോഷിയാണെന്നും ജോസ് പക്ഷം വ്യക്തമാക്കി. ചിഹ്നത്തില്‍ തര്‍ക്കം ഉള്ളതിനാല്‍ വിപ്പ് നിലനില്‍ക്കുമോ എന്ന സംശയത്തില്‍ ആണ് ജോസ് പക്ഷം. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് രാഷ്ട്രീയ നിലപാട് എടുക്കും. ജോസ് പക്ഷത്തെ എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കും എന്നും ജോസഫ് പറഞ്ഞു
4.രാജ്യസഭയിലേക്ക് മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം യു.ഡി.എഫ് നേതൃത്വം തീരുമാനം എടുക്കും. രാജ്യ സഭയിലേക്ക് മത്സരം ഉണ്ടായില്ല എങ്കിലും അവിശ്വാസം വന്നാല്‍ വിപ്പ് ബാധകം ആയിരിക്കും എന്നും ജോസഫ് പറഞ്ഞു. നിയമ സഭയിലെ നിലവിലെ കക്ഷിനില അനുസരിച്ച് ഇടത് സ്ഥാനാര്‍ത്ഥി നിഷ്പ്രയാസം ജയിക്കും. യു.ഡി.എഫില്‍ നിന്നും മാറ്റി നിറുത്തിയ ജോസ് കെ മാണി പക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്നതിലാണ് ആകാംക്ഷ
5.തിരുവനന്തപുരം സ്വര്‍ണ്ണ കടത്ത് കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ച സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റംസ് എ.സി.ജെ.എമ്മിന്റെ വീട്ടില്‍ ഹാജരാക്കി. ഇരുവരെയും മൂന്നാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഈ മാസം 21 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. അതേസമയം, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് എതിരെ ചാര്‍ട്ടേഡ് അക്കൗണ്ട് നല്‍കിയ കേസില്‍ വഴിത്തിരിവ്. സ്വപ്ന സുരേഷിന് ഒപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ട് ആണ് എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയില്‍ അന്വേഷണം
6.സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവന്തപുരം സ്റ്റാച്യുവിലുള്ള ലോക്കര്‍ തുറന്നത്. ഈ ലോക്കറില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും എന്‍.ഐ.എ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണ്ണവുമാണ് സെക്രട്ടേറ്റിന് സമീപമുള്ള ബാങ്ക് ലോക്കറില്‍ നിന്ന് എന്‍.ഐ.എ കണ്ടെത്തിയത്
7.ചൈനയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ, ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് നിരോധിക്കാന്‍ ഒരുങ്ങി അമേരിക്കയും. ടിക് ടോക് നിരോധിച്ച് ഉടന്‍ തന്നെ ഉത്തരവ് ഇറക്കും എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്ക്തിഗത വിവരങ്ങളുടെ സുരക്ഷ മുന്‍നിറുത്തി ആണ് നിരോധനം എന്ന് വിശദീകരണം. എന്നാല്‍ ട്രംപും മൈക്രോസോഫ്റ്റും തമ്മിലുള്ള പടല പിണക്കത്തിന്റെ ഭാഗമായാണ് ടിക് ടോക് നിരോധന നീക്കം എന്നും ആരോപണം ഉണ്ട്
8.ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം മൈക്രോസോഫ്റ്റ് ഏറ്റെടുക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് ട്രംപിന്റെ നീക്കം. 200 കോടിയില്‍ ഏറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ടിക് ടോക്കിന് 16.5 കോടിയോളം ഉപഭോക്താക്കള്‍ ആണ് അമേരിക്കയിലുള്ളത്. ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയും നേരത്തെ നിരോധിച്ചിരുന്നു
9.സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ എന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ആഗസ്റ്റ് നാലിന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും എന്ന് മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ രൂപ്പെടുന്ന ന്യൂനമര്‍ദം കേരളത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് പ്രവചിച്ചിട്ടില്ല. എങ്കിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം 2,3 ,4 തീയതികളില്‍ കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കി മീ വരെയാകാന്‍ സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.