fish

തിരുവനന്തപുരം: തീരദേശ മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ മത്സ്യബന്ധനവും വിതരണവും തത്കാലം നിറുത്തി രോഗത്തെ പിടിച്ചുകെട്ടാനുള്ള സർക്കാരിന്റെ ശ്രമം തിരിച്ചടിയായത് ഉച്ചയൂണിന് മീനിനെ കൂടുതലായി ആശ്രയിക്കുന്ന മലയാളികളെ. ഇതിനൊപ്പം ട്രോളിംഗ് നിരോധനം കൂടി വന്നതോടെ കഴിഞ്ഞ ആറ് മാസമായി മലയാളിയുടെ തീൻമേശയിൽ നിന്ന് മീൻ അകന്നു നിൽക്കുകയാണ്. ട്രോളിംഗ് നിരോധനം അവസാനിച്ചതിനെ തുടർന്ന് ബുധനാഴ്ച മുതൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാമെങ്കിലും കാര്യങ്ങൾ പഴയ പടിയാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

കൊവിഡ് രൂക്ഷമായതോടെ തിരുവനന്തപുരം,​ കൊല്ലം,​ ആലപ്പുഴ,​ കൊച്ചി,​ കാസർകോട് തീരങ്ങളിലെല്ലാം മത്സ്യബന്ധനം നിറുത്തി വച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ പ്രധാന ഹാർബറുകളിലും നിയന്ത്രണങ്ങളുണ്ട്. തീരദേശങ്ങളിൽ കൊവിഡിന്റെ വ്യാപനം അത്രയേറെ രൂക്ഷമായതിനാൽ തന്നെ ഇപ്പോഴത്തെ നിലയിൽ ഇവിടങ്ങളിലെ നിയന്ത്രണങ്ങൾക്ക് പെട്ടെന്ന് ഇളവുണ്ടാകില്ലെന്നാണ് സൂചന. തിരുവനന്തപുരത്തെ പൂന്തുറയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് ചെറു ഫൈബർ വള്ളങ്ങൾക്ക് കടലിൽ പോകാൻ അനുമതി നൽകിയെങ്കിലും ആരും പോകുന്നില്ല. കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെങ്കിൽ ഇനിയും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ തുടരും. രോഗവ്യാപനം കണക്കിലെടുത്ത് പുറത്തുനിന്നും ആർക്കും തീരദേശത്ത് പ്രവേശിക്കാൻ കഴിയാത്ത രീതിയിൽ തീരമേഖല മുഴുവൻ ലോക്ക് ഡൗണിലാക്കുന്നതിനെ പറ്റിയും ഫിഷറീസ് വകുപ്പ് ആലോചിക്കുന്നുണ്ട്.

പ്രിയം,​ പ്രിയതരം

മത്തി,​ അയല,​ ചൂര,​ നത്തോലി,​ ചാള എന്നിവയാണ് മലയാളികളുടെ പ്രിയപ്പെട്ട മത്സ്യവിഭവങ്ങൾ. ലോക്ക് ഡൗൺ,​ ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത വള്ളങ്ങളിൽ പോയി മത്സ്യബന്ധനം നടത്തിയിരുന്നെങ്കിലും അത് തീരദേശത്തിന് വളരെ അടുത്തു താമസിക്കുന്നവർക്ക് മാത്രമാണ് ലഭിച്ചത്. ഇതോടെ ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് മത്സ്യം കിട്ടാക്കനിയായി. എന്നാൽ,​ നഗരത്തിലുള്ളവർ ട്രോളിംഗ് നിരോധനത്തിന് മുമ്പുണ്ടായിരുന്ന വിലയുടെ ഇരട്ടി വിലയും നൽകേണ്ടി വന്നു.

മായം മായം സർവത്ര

ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന മത്സ്യത്തിന്റെ വലിയൊരു ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതാണ്. ആഴ്ചകളോളം പഴക്കമുള്ളതും രാസവസ്തുക്കൾ ചേർന്നതുമായ മത്സ്യമാണ് കൂടുതലായും അതിർത്തി കടന്നെത്തുന്നത്. ഏപ്രിലിൽ 'ഓപ്പറേഷൻ സാഗർ റാണി' പരിശോധന വ്യാപകമാക്കിയതോടെ മായം കലർന്ന മത്സ്യത്തിന്റെ വരവ് കുറഞ്ഞിരുന്നു. എന്നാലിപ്പോൾ പരിശോധന കുറഞ്ഞതും സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞതും മറയാക്കി വീണ്ടും പഴകിയ മത്സ്യം കേരളത്തിലെത്തിതുടങ്ങിയിട്ടുണ്ട്.

ആശ്വാസം മത്സ്യഫെഡ്

ലോക്ക് ഡൗൺ,​ ട്രോളിംഗ് കാലത്ത് മലയാളികൾക്ക് ആശ്വാസമായത് മത്സ്യഫെഡ് ആയിരുന്നു. ഏപ്രിൽ - ജൂൺ മാസങ്ങളിൽ 43 വിപണ കേന്ദ്രങ്ങളിലൂടെയും ആറ് മൊബൈൽ യൂണിറ്റുകളിലൂടെയും മത്സ്യഫെഡ് 25 കോടിയുടെ മത്സ്യമാണ് വിറ്റഴിച്ചത്. തീരദേശത്തെ ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് ഓൺലൈൻ വഴി മത്സ്യക്കച്ചവടം നടത്താൻ തയ്യാറെടുക്കുകയാണ് മത്സ്യഫെഡ്. ഇതിനായി ടെക്നോപാർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്‌റ്റാർട്ടപ്പ് കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 15ന് ഇതിന്റെ ഉദ്ഘാടനം നടക്കും.

 പ്രതിമാസ മത്സ്യ ഉപഭോഗം: 75,​000 ടൺ

 വാർഷികവരുമാനം: 15,000 കോടി

 വാർഷിക ആളോഹരി ഉപഭോഗം: 25 കിലോ

 വാർഷിക മത്സ്യകയറ്റുമതി: 1.6 ലക്ഷം ടൺ

 മത്സ്യ ഉത്പാദനം: 7 ലക്ഷം ടൺ

 ആവശ്യമായത്: 8.75 ലക്ഷം ടൺ

 മത്സ്യഫെഡ് വിൽക്കുന്ന ശീതീകരിച്ച മത്സ്യം: 1000 ടൺ

 മത്സ്യഫെഡ് വിൽക്കുന്നത്: 4000 ടൺ