
കോട്ടയം: പശ്ചിമ ബംഗാളിൽ നിന്നും വ്യാജനോട്ടുകൾ കേരളത്തിലെത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതായി സൂചന. കേരളത്തിലെത്തുന്ന ചില തൊഴിലാളികളാണ് ഇവ കൊണ്ടുവരുന്നതത്രേ. 15,000 രൂപയുടെ അസൽ നോട്ടുകൾ നല്കിയാൽ 50,000 രൂപയുടെ വ്യാജനോട്ടുകൾ തിരികെ നൽകുന്നതാണ് കള്ളനോട്ട് സംഘത്തിന്റെ രീതിയെന്നാണ് വിവരം.
ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് ബംഗാളിലെ ചില ഏജന്റുമാർ കള്ളനോട്ടുകൾ വിതരണം ചെയ്യുന്നത്. കേരളം കൂടാതെ കർണാടക, തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഈ സംഘം ചുവടുറപ്പിച്ചതായാണ് അറിയുന്നത്. നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ചിലരുടെ പക്കലും ഈ നോട്ടുകൾ എത്തിയിട്ടുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്മേൽ അന്വേഷണം തുടരുകയാണ്.
ഇന്നലെ 500 രൂപയുടെ രണ്ട് നോട്ടുകളുമായി 19ആം മൈൽ സ്വദേശി കളരിക്കൽ ടെനിയെ (25) മണിമല പൊലീസ് പിടികൂടിയിരുന്നു. വാഴൂരിലെ ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറച്ചശേഷം നൽകിയതായിരുന്നു ഈ നോട്ട്. തുടർന്ന് ചില്ലറയാക്കാൻ ഒരു 500ന്റെ വ്യാജനെ കൂടി നല്കിയപ്പോൾ പമ്പ് ജീവനക്കാർക്ക് സംശയമായി. തുടർന്നുള്ള പരിശോധനയിലാണ് വ്യാജനോട്ടുകളാണെന്ന് കണ്ടെത്തിയതും ടെനി അകത്തായതും. ടെനിക്ക് നോട്ടുകൾ നല്കിയ ആളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബംഗ്ലാദേശിൽ അടിച്ചതാവാം നോട്ടുകളെന്ന് സംശയം ഉയർന്നതിനെ തുടർന്ന് ആ വഴിക്ക് അന്വേഷണമുണ്ടായേക്കും. 500, 2000 രൂപയുടെ നോട്ടുകളാണ് വ്യാജമായി നിർമ്മിച്ചിരിക്കുന്നത്. ബംഗ്ലാദേശിൽ നിന്ന് ബംഗാളിൽ എത്തിച്ച് ജോലിക്കായി പോവുന്ന തൊഴിലാളികളുടെ പക്കൽ ഏല്പിക്കുന്നതാവാമെന്നാണ് വിലയിരുത്തുൽ.
മറയാക്കി മാറ്റിയെടുക്കൽ
ബംഗാൾ അതിർത്തിയിലെ ചില ഗ്രാമങ്ങളിൽ കള്ളനോട്ട് കെട്ടുണക്കിന് എത്തിയിരുന്നതായും അത് കേരളത്തിലുമെത്തിയിട്ടുണ്ടെന്നും കോതമംഗലം നെല്ലിക്കുഴി കള്ളനോട്ട് കേസ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഉത്തരേന്ത്യൻ സ്വദേശികളായ ഏജന്റുമാർ മുഖേന കേരളത്തിലെത്തിക്കുന്ന കള്ളനോട്ടുകൾ സംസ്ഥാനത്തുള്ള ഇതരസംസ്ഥാന തൊഴിലാളികളെ മറയാക്കിയാണ് മാറ്റിയെടുക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. കള്ളനോട്ട് സംഘത്തിന് 15,000 രൂപ നൽകിയാൽ 50,000 രൂപയുടെ വ്യാജ നോട്ടുകൾ ലഭിക്കും. ഈ നോട്ടുകളാണ് ട്രെയിൻ മാർഗം സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. ഈ കേസിലെ മുഖ്യപ്രതി
അസം സ്വദേശി റഹം അലിയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പശ്ചിമബംഗാളിലെ മാൾഡ ജില്ല കേന്ദ്രീകരിച്ച് കള്ളനോട്ടടിക്കുന്ന രണ്ട് പേരെക്കുറിച്ച് റഹം അലി ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
കേരളത്തിലെത്തുന്ന കള്ളനോട്ടുകൾ പെട്രോൾ പമ്പുകൾ, പച്ചക്കറി മാർക്കറ്റുകൾ, ബിവറേജസ് ഔട്ട്ലറ്റുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മാറിയെടുക്കുന്നത്. കഴിഞ്ഞ
സെപ്തംബർ 16നാണ് നെല്ലിക്കുഴിയിൽ 2000ത്തിന്റെ കള്ളനോട്ടുകൾ മാറുന്നതിനിടെ അസം യുനാബാരി സ്വദേശി ദിൽദർ യൂസഫലി (18) പിടിയിലായിരുന്നു. നെല്ലിക്കുഴി കവലയ്ക്ക് സമീപമുള്ള പുഞ്ചിരി ലേഡീസ് സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ അസം സ്വദേശിയായ ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ നിക്ഷേപിക്കാനായി ഏൽപ്പിച്ചിരുന്നു. സുഹൃത്തായ അലി തന്നുവിട്ടതാണെന്ന് പറഞ്ഞാണ് ദിൽദർ കട ഉടമ നൗഷാദിന് 2,000 രൂപയുടെ അഞ്ച് നോട്ടുകൾ ഏൽപ്പിച്ച് മടങ്ങിയത്. കട ഉടമ പിന്നീട് പരിശോധിച്ചപ്പോഴാണ് അഞ്ച് നോട്ടുകളും വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നോട്ടുകൾ കടയിൽതന്നെ ഇയാൾ സൂക്ഷിച്ചു. പണം അക്കൗണ്ടിൽ എത്താതെവന്നപ്പോൾ വിവരം അറിയാനായി ദിൽഹർ എത്തിയപ്പോൾ നൗഷാദ് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.