dr-anthony-fauci

വാഷിംഗ്ടണ്‍: കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ചൈനയും റഷ്യയും ഉടന്‍ പുറത്തിറക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുന്നറിയിപ്പുമായി യു.എസിലെ ആരോഗ്യ വിദഗ്ദ്ധന്‍ ഡോ. ആന്തണി ഫൗസി. ഇരുരാജ്യങ്ങളും വികസിപ്പിക്കുന്ന വാക്‌സിന്റെ സുരക്ഷ സംബന്ധിച്ചാണ് ഡോ. ആന്തണി ഫൗസിയുടെ ആശങ്ക.

വരുന്ന സെപ്തംബറില്‍ ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇതിനു പുറമെ നിരവധി ചൈനീസ് കമ്പനികളും വാക്‌സിന്‍ ഗവേഷണത്തില്‍ മുന്നിലാണ്. എന്നാല്‍ വാക്‌സിനുകള്‍ക്ക് അനുമതി കൊടുക്കുന്ന ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പാശ്ചാത്യലോകത്തെ അപേക്ഷിച്ച് സുതാര്യതയില്ലെന്ന് മുന്നറിയിപ്പ്. ചൈനയോ റഷ്യയോ ആദ്യം കൊവിഡ് വാക്‌സിന്‍ പുറത്തിറക്കിയാല്‍ യു.എസ് അത് ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഡോ. ഫൗസി. വാക്‌സിന്‍ യു.എസ് സ്വീകരിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

റഷ്യയുടെയും ചൈനയുടെയും വാക്‌സിനുകള്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. വാക്‌സിന്‍ പരീക്ഷിച്ചു വിജയിക്കുന്നതിനു മുന്‍പു തന്നെ വിതരണത്തിന് തയ്യാറാണെന്ന് പറയുന്നത് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എസ് വളരെ വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങള്‍ അതിനും മുന്‍പേ വാക്‌സിന്‍ കണ്ടെത്താന്‍ സാധ്യതയില്ലെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് യു.എസിന് അവരുടെ വാക്‌സിനുകളെ ആശ്രയിക്കേണ്ടി വരില്ലെന്നും ഡോ. ഫൗസി കൂട്ടിച്ചേര്‍ത്തു.

ലോകത്താദ്യമായി ഒരു കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറായതായി പ്രഖ്യാപിച്ചത് ചൈനയായിരുന്നു. പരിമിതമായ തോതില്‍ ചൈനീസ് സൈന്യത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇത് ഇതുവരെ വിതരണം ചെയ്തു തുടങ്ങിയിട്ടില്ല. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണ്. യു.എസിനെ ഞെട്ടിച്ചു കൊണ്ടയിരിക്കും റഷ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുന്നത് എന്നാണ് റഷ്യയുടെ വാദം. എന്നാല്‍ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനങ്ങളൊന്നും റഷ്യ പുറത്തു വിട്ടിട്ടില്ല.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഓക്‌സ്ഫോഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിനാണ് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുന്നില്‍. വന്‍തോതില്‍ നിര്‍മാണം ആരംഭിച്ച വാക്‌സിന്റെ അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ ഉള്‍പ്പെടെ നടക്കുമെന്നാണ് വിവരം.