tiktok

 ഉടൻ നിരോധിക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്ക് നിരോധിക്കാനൊരുങ്ങി അമേരിക്കയും. നിരോധനം സംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ ഒപ്പു വച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ടിക് ടോക്കിന്റെ യു.എസിലെ പ്രവർത്തനം വിൽക്കണമെന്ന് ഉടമസ്ഥരായ ബൈറ്റ് ഡാൻസിനോട്
ട്രംപ് ഉത്തരവിടാനൊരുങ്ങുന്നുവെന്ന വാർത്തകൾ ശക്തമായ സാഹചര്യത്തിലാണ് നിരോധനം സംബന്ധിച്ച തീരുമാനവുമായി സർക്കാർ മുന്നോട്ട് നീങ്ങുന്നത്. നിരോധനം സംബന്ധിച്ച സൂചന വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിലും ട്രംപ് നൽകിയിരുന്നു.

" ടിക് ടോക്കിന് അമേരിക്കയിൽ വിലക്ക് ഏർപ്പെടുത്താൻ പോകുകയാണ്. ശനിയാഴ്‌ച ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാകും. ടിക് ടോക്കിനെ നിരോധിക്കാനുള്ള അധികാരം എനിയ്ക്കുണ്ട്" - വെള്ളിയാഴ്ച ട്രംപ് പറഞ്ഞു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജൂലായ് ആദ്യം മുതൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ് പലതവണ പറഞ്ഞിരുന്നു.

പൗരന്മാരുടെ വിവരങ്ങൾ ടിക് ടോക്ക് മുഖേനെ ചോർത്തപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ സജീവമാണ്. അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങൾ ടിക് ടോക്ക് ശേഖരിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുമ്പ് വ്യക്തമാക്കിയിരുന്നു.

 മറ്റുരാജ്യങ്ങളും നിരോധനത്തിലേക്ക്
ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയും രാജ്യസുരക്ഷയും അപകടത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന് പിന്നാലെ നിരോധനം സംബന്ധിച്ച ചർച്ചകൾ പല രാജ്യങ്ങളും ആരംഭിച്ചിരുന്നു. ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം ജപ്പാനിലും സജീവമാണ്. ഡെമോക്രാറ്റിക് പാർട്ടി ജനപ്രതിനിധി നേതാക്കളുമാണ് സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. പാകിസ്ഥാനും ടിക് ടോക്ക് നിരോധിക്കാനൊരുങ്ങുകയാണ്.