ukraine-plane-crash

ടെഹ്റാൻ: ഉക്രെയിൻ യാത്രാവിമാനം തകർന്ന് 167 യാത്രക്കാരും ഒമ്പത് ജീവനക്കാരും കൊല്ലപ്പെട്ട സംഭവത്തിൽ നഷ്‍ടപരിഹാരം നൽകാമെന്ന് സമ്മതിച്ച് ഇറാൻ. അബദ്ധത്തിൽ ഇറാൻ സേനയുടെ മിസൈലേറ്റാണ് വിമാനം തകർന്നതെന്ന് തെളിഞ്ഞിരുന്നു. നഷ്‍ടപരിഹാര തുക സംബന്ധിച്ച് ധാരണയായിട്ടില്ല. നഷ്‍ടപരിഹാരം നൽകുന്നതിൽ ഇറാൻ വീഴ്‍ച വരുത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഉക്രെയിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ തമ്മിൽ ഈയാഴ്‍ച കീവിൽ മാരത്തോൺ ചർച്ചകളാണ് നടന്നത്. ചർച്ച ഫലപ്രദമായിരുന്നുവെന്നാണ് ഇരു ഭാഗവും പ്രതികരിച്ചത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും വിമാന കമ്പനിക്കുണ്ടായ നഷ്‍‍ടത്തിനും പരിഹാരം ചെയ്യാമെന്ന് തങ്ങൾ സമ്മതിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാദ് മൂസവി പറഞ്ഞു.

അപകടം സംബന്ധിച്ച് സുതാര്യമായ അന്വേഷണം നടത്താനും അന്താരാഷ്ട്ര വ്യോമ ഗതാഗത സുരക്ഷാ നിയമപ്രകാരമുള്ള എല്ലാ നഷ്‍ടപരിഹാരങ്ങളും നൽകാമെന്നും ഇറാൻ പറഞ്ഞതായി ഉക്രെയിൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലെബ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് ടെഹ്റാനിൽ നിന്ന് പറന്നുയർന്ന ഉടനെ ഉക്രെയിൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 737-800 വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 167 യാത്രക്കാരും ഒമ്പത് ജീവനക്കാരും കൊല്ലപ്പെട്ടു. ഇറാന്റെ മിസൈലേറ്റാണ് വിമാനം തകർന്നതെന്ന് ആരോപണം ഉയർന്നു. ആദ്യം നിഷേധിച്ചെങ്കിലും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പിന്നീട് ഇറാൻ സമ്മതിച്ചു.