james-mardock

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ മാദ്ധ്യമ സ്ഥാപനങ്ങളിൽ ഒന്നായ ന്യൂസ് കോർപറേഷന്റെ ഡയറക്ടർ ബോർഡിൽനിന്ന് ജെയിംസ് മർഡോക് രാജിവച്ചു. എഡിറ്റോറിയൽ നിലപാടുകളോടുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് രാജി. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജെയിസ് മർഡോക്കിന്റെ പിതാവ് മാദ്ധ്യമരാജാവ് റുപർട് മർഡോക് സ്ഥാപിച്ചതാണ് ന്യൂസ് കോർപ്പറേഷൻ. ഇദ്ദേഹത്തിന്റെ സഹോദരൻ ലാഷ്‌ലാനാണ് സ്ഥാപനത്തിന്റെ തലപ്പത്ത്.

വെള്ളിയാഴ്ചയാണ് ജെയിംസ് രാജി സമർപ്പിച്ചത്. 'എന്റെ രാജി കമ്പനിയുടെ മാദ്ധ്യമ സ്ഥാപനങ്ങളിലെ എഡിറ്റോറിയൽ തീരുമാനങ്ങളിലുള്ള അഭിപ്രായ വ്യത്യാസം കാരണവും കമ്പനിയുടെ മറ്റ് ചില സമീപനങ്ങളും കാരണമാണ്' ജെയിംസ് രാജിക്കത്തിൽ പറഞ്ഞു. അതേസമയം,​ ഏത് എഡിറ്റോറിയൽ തീരുമാനവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസമാണ് ജെയിംസിന്റെ രാജിക്ക് കാരണമായതെന്ന് വ്യക്തമായിട്ടില്ല. വാർത്തകളിൽ യാഥാസ്ഥിതിക സമീപനം തുടരുന്നതിൽ അദ്ദേഹം നേരത്തെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് കാലവസ്ഥയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ. മർഡോക്കിന്റെ ആസ്‌ട്രേലിയൻ പത്രങ്ങൾ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് നേരത്തെ വിമർശനമുണ്ടായിരുന്നു.

♦കൈയിലുള്ളത് വൻ മാദ്ധ്യമശൃഖല

ന്യൂസ് കോർപ്പറേഷന്റെ യു.കെ വിഭാഗമാണ് ടൈംസ്, ദി സൺഡെ ടൈംസ്, സൺ, എന്നീ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഇതിന് പുറമെ ആസ്‌ട്രേലിയൻ, ഡെയ്‌ലി ടെലഗ്രാഫ്, ഹെറാൾഡ് സൺ എന്നീ മാദ്ധ്യമങ്ങളുടെയും ഉടമസ്ഥതയും ന്യൂസ് കോർപ്പറേഷനാണ്.