ജനീവ: കൊവിഡിന്റെ പ്രത്യാഘാതങ്ങൾ ദശാബ്ദങ്ങളോളം നിലനിൽക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന മഹാമാരിയാണിതെന്നും ദശാബ്ദങ്ങൾ ഇതിന്റെ പ്രത്യാഘാതങ്ങൾ നീണ്ടുനിൽക്കുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം പറഞ്ഞു. ചൈനയ്ക്ക് പുറത്ത് നൂറു കേസുകളും ഒറ്റ മരണം പോലും ഇല്ലാതിരിക്കുകയും ചെയ്തപ്പോഴാണ് പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സമിതി ആലോചിക്കുന്നുണ്ട്. എത്രയും പെട്ടെന്നു വാക്സിൻ വികസിപ്പിക്കുന്നതു മാത്രമാണു കൊവിഡ് നിയന്ത്രിക്കാനുള്ള ദീർഘകാല പരിഹാരമെന്നും ടെഡ്രോസ് പറഞ്ഞു. വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കണമെന്നും ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് വൈറസിനെ ചെറുക്കാൻ സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഡബ്ല്യൂ.എച്ച്.ഒ അടിയന്തരസമിതി ഈ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ഡബ്ല്യൂ.എച്ച്.ഒ അടിയന്തരസമിതി കൊവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്.
ഹോങ്കോംഗിൽ മൂന്നാം തരംഗം
ഹോങ്കോംഗിനെ ഭീതിയിലാഴ്ത്തി കൊവിഡ് മൂന്നാംതരംഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ പ്രതിരോധത്തിലൂടെ ലോകത്തിന് തന്നെ മാതൃകയാകുകയും രണ്ടാം ഘട്ടവും നിയന്ത്രണ വിധേയമാക്കുകയും ചെയ്ത ഹോങ്കോംഗിൽ മൂന്നാം തരംഗത്തിന് കാരണം സർക്കാരിന്റെ വീഴ്ചകളാണ്. ഒമ്പത് ദിവസം കൊണ്ട് 100 പുതിയ കേസുകളാണ് നിലവിൽ സ്ഥിരീകരിച്ചത്. കാര്യങ്ങൾ പൂർണമായും നിയന്ത്രണത്തിലായതിന് ശേഷം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിരാശപ്പെടുത്തുന്നതും ആശങ്ക ഉണ്ടാക്കുന്നതുമാണെന്ന് ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ വൈറോളജി വിഭാഗം ചെയർമാൻ മാലിക് പെയ്റിസ് പറയുന്നു. രണ്ട് പിഴവുകളാണ് മൂന്നാം തരംഗത്തിന് കാരണമെന്നാണ് പെയ്റിസ് ചൂണ്ടിക്കാട്ടുന്നത്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറൻറൈൻ ഏർപ്പെടുത്തിയതിലാണ് ആദ്യത്തെ പിഴവ്. പുറത്തുനിന്ന് വന്നവർ വീട്ടിൽ കാര്യമായ നിയന്ത്രണങ്ങളൊന്നും ഇല്ലാതെ ക്വാറന്റൈനിൽ കഴിയുകയും മറ്റംഗങ്ങൾ പലയിടങ്ങളിലും പോവുകയും ചെയ്തു. ഇത് രോഗവ്യാപനം കൂടാനിടയാക്കി. പുറത്തുനിന്നെത്തിയവരെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിൽ താമസിപ്പിച്ചിരുന്നെങ്കിൽ ഇത് ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നാണ് പെയ്റിസ് പറയുന്നത്. പുറത്തുനിന്ന് വന്ന നിരവധിയാളുകളെ പരിശോധനയിൽ നിന്നും ഒഴിവാക്കിയതാണ് സർക്കാരിന് സംഭവിച്ച രണ്ടാമത്തെ ഏറ്റവും വലിയ വീഴ്ചയെന്നും പെയ്റിസ് പറഞ്ഞു. രണ്ടുലക്ഷത്തോളം പേരെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയെന്നാണ് വിവരം.