പാരീസ് : ഫ്രാൻസിൽ ഇൗ സീസണിലെ മൂന്നാമത്തെ കിരീടവും സ്വന്തമാക്കി പാരീസ് സെന്റ് ജെർമ്മെയ്ൻ ഫുട്ബാൾ ക്ളബ്. കഴിഞ്ഞ രാത്രി പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5ന് ഒളിമ്പിക് ലിയോണിനെ കീഴടക്കി പി.എസ്.ജി സ്വന്തമാക്കിയത് ഫ്രഞ്ച് ലീഗ് കപ്പാണ്. കഴിഞ്ഞയാഴ്ച ഫ്രഞ്ച് കപ്പ് ഫൈനലിൽ സെയ്ന്റ് എറ്റിയേനെ കീഴടക്കി കിരീടം ചൂടിയിരുന്ന പി.എസ്.ജിയെ കൊവിഡിനെത്തുടർന്ന് പകുതിവഴിയിൽ നിറുത്തിയ ഫ്രഞ്ച് ഫസ്റ്റ് ഡിവിഷൻ ലീഗ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചിരുന്നു.
പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന മത്സരത്തിന്റെ നിശ്ചിത സമയം ഗോൾരഹിതമായിരുന്നതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ആദ്യ അഞ്ച് പെനാൽറ്റി കിക്കുകളും ഇരു ടീമുകളും ഗോളാക്കി. ലിയോണിനായി ബെർട്രാൻഡ് ട്രവോറെ എടുത്ത ആറാം കിക്ക് പി.എസ്.ജി ഗോളി കെയ്ലർ നവാസ് തട്ടിയകറ്റിയിരുന്നു. പി.എസ്.ജിയുടെ ആറാം കിക്ക് പാബ്ളോ സരാബിയ വലയിലെത്തിച്ചതോടെ കിരീടവിധി കുറിക്കപ്പെടുകയായിരുന്നു.
പി.എസ്.ജിക്ക് വേണ്ടി ഏൻജൽ ഡി മരിയ,വെറാട്ടി,പരേഡേസ്,ആൻഡർ ഹെറേറ,നെയ്മർ എന്നിവരും പെനാൽറ്റി കിക്കുകൾ ഗോളാക്കിയിരുന്നു. ലിയോണിന് വേണ്ടി ആൻഡേഴ്സൺ,ടോക്കോ എകാംബി,കാക്വിറേറ്റ്,തിയാഗോ മെൻഡേസ്,ഒൗവാർ എന്നിവരാണ് ലക്ഷ്യം കണ്ടത്.
ഇൗ തോൽവിയോടെ അടുത്ത സീസണിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കളിക്കാനുള്ള അവസരം ലിയോണിന് നഷ്ടമായി.1993 ന് ശേഷം ആദ്യമായാണ് ലിയോണിന് ഇൗ സ്ഥിതി വരുന്നത്.
ലക്ഷ്യം നാലാം കിരീടം
ഇൗ സീസണിൽ നാല് കിരീടങ്ങൾ എന്നതാണ് പി.എസ്.ജി ലക്ഷ്യമിടുന്നത്. പക്ഷേ ഫ്രാൻസിലെ മൂന്ന് ആഭ്യന്തര കിരീടങ്ങൾ നേടിയതുപോലെ എളുപ്പമായിരിക്കില്ല നാലാം കിരീടം.കാരണം ഇനിയുള്ളത് യുവേഫ ചാമ്പ്യൻസ് ലീഗാണ്.ഇൗ മാസം 13ന് ലിസ്ബണിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ ക്ളബ് അറ്റലാന്റയാണ് പി.എസ്.ജിയുടെ എതിരാളികൾ. ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ ലോക്ക്ഡൗണിന് മുമ്പ് പി.എസ്.ജി പ്രീ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചിരുന്നു.
കിലിയാൻ കളിച്ചില്ല
സെന്റ് എറ്റിയേനെതിരായ ഫ്രഞ്ച് കപ്പ് ഫൈനലിൽ കാലിന് പരിക്കേറ്റിരുന്ന യുവതാരം കിലിയാൻ എംബാപ്പെ ലിയോണിനെതിരായ ഫൈനലിൽ കളിക്കാൻ ഇറങ്ങിയില്ല. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് മുമ്പ് കിലിയാൻ പരിക്കിൽനിന്ന് മോചിതനാകും എന്ന പ്രതീക്ഷയിലാണ് ക്ളബ്.
9
പാരീസ് എസ്.ജിയുടെ ഒൻപതാമത് ഫ്രഞ്ച് ലീഗ് കപ്പ് കിരീടമാണിത്.
7
കഴിഞ്ഞ എട്ട് സീസണുകളിൽ പി.എസ്.ജി ഫ്രഞ്ച് ലീഗ് കപ്പ് നേടുന്നത് ഏഴാം തവണ.
ഫൈനലിൽ ഞങ്ങൾ ഏറെ ബുദ്ധിമുട്ടിയെങ്കിലും കിരീടം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പക്ഷേ വലിയ ആഘോഷങ്ങൾക്കൊന്നുമില്ല. നാളെ മുതൽ ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് പരിശീലനം ശക്തമാക്കും.
മാർക്കോ വെറാട്ടി
പി.സ്.ജി താരം.