കണ്ണൂർ: വാട്സ് ആപ് ഗ്രൂപ്പിൽ നഗ്നചിത്രം പോസ്റ്റ് ചെയ്തെന്ന വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി. മധുവിനെ സ്ഥാനത്തുനിന്ന് നീക്കി. പയ്യന്നൂർ ഏരിയകമ്മിറ്റിക്കു കീഴിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളിലും യോഗം ചേർന്ന് മധുവിനെതിരേയുള്ള നടപടി ഇന്നലെ റിപ്പോർട്ട് ചെയ്തു.
പാർട്ടിയുടെ യശസ്സിന് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനാൽ ഏരിയാ സെക്രട്ടറിയെ സ്ഥാനത്തു നിന്നു നീക്കുന്നുവെന്ന് സി.പി.എം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു. കെ.കെ. ഗംഗാധരൻ അദ്ധ്യക്ഷതയിൽ പയ്യന്നൂർ ഏരിയകമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ,പി.ജയരാജൻ,കെ.പി. സഹദേവൻ, ടി.വി.രാജേഷ് എം. എൽ. എ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം ചേർന്നത്.
കെ.പി. മധുവിനെ പാർട്ടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളിൽനിന്നും മാറ്റി.
പുതിയ ഏരിയ സെക്രട്ടറിയായി വി. കുഞ്ഞികൃഷ്ണന് ചുമതല നൽകി.വനിതാപ്രവർത്തകർ ഉൾപ്പെടെയുള്ള നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു നഗ്നചിത്രം അയച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ചിത്രം പിൻവലിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒരുവിഭാഗം വിഷയത്തെ നിസാരവത്കരിക്കാൻ ശ്രമം നടത്തിയിരുന്നു.എന്നാൽ ഇതിനെതിരേ മറ്റൊരുവിഭാഗം ശക്തമായി രംഗത്തുവരികയും ജില്ലാനേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു.