sanitize

കൊൽക്കത്ത: കൊവിഡ് പൊട്ടിപുറപ്പെട്ടതോടെ കൊറോണ വൈ‌റസിനെ നേരിടാനുള‌ള വസ്‌തുക്കളുടെ വിപണനം വർദ്ധിച്ചു. ഈ അവസരം മുതലാക്കി നിലവാരം കുറഞ്ഞ വ്യാജന്മാരും വിപണിയിലിറങ്ങുന്നുണ്ട്. അത്തരത്തിലുള‌ള ഒരു വൻ വ്യാജവേട്ടയുടെ വാർത്തയാണ് പശ്ചിമ ബംഗാളിൽ നിന്നും വരുന്നത്. കൊൽക്കത്ത നഗരത്തിൽ 1400 ലി‌റ്റർ വ്യാജ സാനി‌റ്റൈസർ പൊലീസ് പിടികൂടി. കൊൽക്കത്ത പൊലീസിലെ ആന്റി റൗഡി സ്‌ക്വാഡും എൻഫോഴ്‌സ്‌മെന്റും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സീലോ മ‌റ്റ് രേഖകളോ ഒന്നുമില്ലാതെ സൂക്ഷിച്ചിരുന്ന വിവിധ നിറത്തിലുള‌ള വ്യാജ സാനി‌റ്റൈസർ പിടികൂടിയത്. ഇവ വിതരണം ചെയ്‌ത രണ്ട് കടകളിൽ നിന്നും സാനി‌റ്റൈസർ നിറച്ച പ്ളാസ്‌റ്റിക് ക്യാനുകൾ പിടിച്ചെടുത്തിട്ടുണ്ട്.

കൽക്കത്തയിലെ ഹരേ സ്‌ട്രീ‌റ്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. റജീബ് പഞ്ചാബി, ജിയാഉദ്ദീൻ ബാഷ എന്നിവരെയാണ് പിടികൂടിയത്. ഇവരാണ് വ്യക്തമായ ഒരു രേഖയുമില്ലാതെ സാനി‌റ്റൈസർ നിർ‌മ്മാണ ഫാക്‌ടറി നടത്തിയിരുന്നത്. പിടിച്ചെടുത്തിരുന്ന സാനി‌റ്റൈസറുകളിൽ ലേബലോ നിർമ്മാണ സർട്ടിഫിക്ക‌റ്റോ ഒന്നും ഉണ്ടായിരുന്നില്ല. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കൂടുതൽ പേർ സംഭവത്തിൽ അറസ്‌റ്റിലാകുമെന്നാണ് സൂചന.