ലോസ്ആഞ്ചലസ് : അമേരിക്കയിൽ ആദ്യമായി മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഓഹിയോ സ്വദേശിനി കോനീ കൽപ് 57ാം വയസിൽ അന്തരിച്ചു. 2008ൽ ഓഹിയോയിലെ ക്ലെവ്‌ലൻഡ് ക്ലിനിക്കിൽ വച്ചായിരുന്നു കോനി ഭാഗിക മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ക്ലേവ്‌ലൻഡ് ക്ലിനിക്ക് തന്നെയാണ് കോനീയുടെ മരണവിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. എന്നാൽ മരണം എന്നാണ് സംഭവിച്ചതെന്നോ മാരണകാരണം എന്താണെന്നോ വെളിപ്പെടുത്തിയിട്ടില്ല.
2004ൽ ഭർത്താവ് തോമസ് കോനീയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഷോട്ട്ഗണിൽ നിന്നും വെടിയേറ്റ കോനിയുടെ മുഖം തകരുകയായിരുന്നു. കോനീയുടെ മൂക്ക്, കവിൾ, വായയുടെ മേൽഭാഗം, ഒരു കണ്ണ് എന്നിവ പൂർണമായും തകർന്നു. നെറ്റിയും താടിയും മാത്രമാണ് അവശേഷിച്ചത്. കോനീയെ വെടിവച്ച അതേ തോക്കുപയോഗിച്ച് തോമസ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.
ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഇയാൾക്ക് ഏഴ് വർഷം ജയിൽവാസം വിധിച്ചിരുന്നു. കോനീയുടെ മുഖത്ത് 30 ലേറെ ശസ്ത്രക്രിയകൾ നടത്തി. വാരിയെല്ലിന്റെ ഭാഗങ്ങൾ വരെയെടുത്താണ് കവിൾ ഭാഗത്തെ എല്ലുകളും താടിയുടെ മേൽ ഭാഗവും ഡോക്ടർമാർ പുനഃസൃഷ്ടിച്ചത്.
ഒടുവിൽ 2008 ഡിസംബറിൽ 22 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയ്ക്ക് ഒടുവിൽ കോനീയുടെ മുഖത്തിന്റെ 80 ശതമാനവും മാറ്റിവയ്ക്കലിന് വിധേയമാകപ്പെട്ടു. മരിച്ച ഒരു സ്ത്രീയുടെ മുഖത്തെ അസ്ഥികളും മസിലുകളും ഞരമ്പുകളും തൊലിയുമാണ് കോനീയിലേക്ക് മാറ്റിവച്ചത്. തന്റെ മുഖം വികൃതമാക്കിയെങ്കിലും ഭർത്താവിനോട് ദേഷ്യമില്ലെന്നും കൊലപ്പെടുത്താൻ ശ്രമിച്ചതിന് അയാളോട് ക്ഷമിച്ചതായും രണ്ട് കുട്ടികളുടെ അമ്മയായ കോനീ 2009ൽ പറഞ്ഞിരുന്നു. 2018 ഓഗസ്‌റ്റിലെ കണക്ക് അനുസരിച്ച് ഏകദേശം 40 പേരാണ് ലോകത്ത് മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ളത്.