uae-nuclear-power-plant

അബുദാബി: അബുദാബിയിലെ അൽ ദഫ്‌റയിൽ സ്ഥാപിച്ച യു.എ.ഇയിലെ ആദ്യ ആണവോർജ പ്ലാന്റ് ബറകയിൽ ഇന്നലെ പ്രവർത്തനമാരംഭിച്ചു. അഞ്ച് മാസത്തെ കമ്മീഷനിംഗ് ഘട്ടം പൂർത്തിയാക്കിയാണ് പ്ലാന്റ് പൂർണ തോതിൽ പ്രവർത്തനമാരംഭിച്ചത്. എമിറേറ്റ്‌സ് ന്യൂക്ലിയാർ എനർജി കോർപറേഷന്റെ ഉപ കമ്പനിയായ നവാ എനർജി കമ്പനിയാണ് ഇതിന്റെ നടത്തിപ്പ്. കൊറിയ ഇലക്ട്രിക് പവർ കോർപ്പറേഷൻ (കെപ്കോ) ആണ് പ്ലാന്റിന്റെ നിർമ്മാണം.

യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ബറക ആണവ കേന്ദ്രം പ്രവർത്തനമാരംഭിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നാല് ആണവ പ്ലാന്റുകൾ പ്രവർത്തന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിലൂടെ രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ കാൽ ഭാഗം സുരക്ഷിതമായ രീതിയിൽ ഉത്പ്പാദിപ്പിക്കാൻ സാധിക്കുമെന്നും ശെയ്ഖ് മുഹമ്മദ് അറിയിച്ചു.

2017ൽ പ്രവർത്തനം ആരംഭിക്കാനിരുന്നതാണെങ്കിലും പലകാരണങ്ങളാൽ പ്ലാന്റിന്റെ പ്രവർത്തനം വൈകുകയായിരുന്നു.