ടെഹ്റാൻ: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ടോണ്ടാറിന്റെ തലവൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നയാളെ അറസ്റ്റ് ചെയ്തതായി ഇറാൻ. രാജ്യത്ത് സായുധാക്രമണങ്ങൾ നടത്തി വരികയായിരുന്ന സംഘടനയുടെ തലവനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജംഷിദ് ഷർമദിനെ ഇറാൻ ഇന്റലിജൻസ് സേനയായ ഇമാം സമാനാണ് പിടികൂടിയത്. ഇക്കാര്യം ഇറാൻ ഇന്റലിജൻസ് മന്ത്രാലയം സ്ഥിരീകരിച്ചു.
2008 ഏപ്രിലിൽ ഇറാനിലെ ഷിറാസിലെ മുസ്ളിം പള്ളിയിൽ നടന്ന സ്ഫോടനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. 215 പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ഇറാൻ ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന ഇറാൻ കിങ്ഡം അസംബ്ലിയുടെ ഭാഗമാണ് ടോണ്ടർ. ഇറാൻ ഭരണകൂടത്തെ അട്ടമറിക്കാനാണ് ഇവർ ലക്ഷ്യമിടുന്നതെന്നാണ് ഇറാൻ സർക്കാരിന്റെ വിശദീകരണം. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ തലവനെ എവിടെ നിന്നാണ് പിടികൂടിയതെന്നോ എങ്ങനയാണ് അറസ്റ്റ് നടന്നതെന്നോ ഉള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സങ്കീർണമായ ഒരു ഇന്റലിജൻസ് ഓപ്പറേഷന്റെ ഫലമായാണ് ഇയാളെ പിടികൂടിയതെന്നാണ് ഇറാൻ സർക്കാർ മാദ്ധ്യമങ്ങൾ വിശദീകരിക്കുന്നത്.
ടോണ്ടർ
പേർഷ്യൻ ഭാഷയിൽ ടോണ്ടർ എന്നാൽ ഇടിമിന്നൽ എന്നാണർത്ഥം. ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോണ്ടറിനെ യു.എസ് ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയിട്ടില്ല. ഇറാനിലെ ഇസ്ലാമിക മതഭരണം അവസാനിപ്പിച്ച് രാജഭരണം തിരിച്ചുകൊണ്ടുവരാനാണ് ടോണ്ടർ ഉൾപ്പെടെയുള്ള സംഘടനകൾ ലക്ഷ്യമിടുന്നത്.