ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തേക്കുള്ള കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ആഭ്യന്തര ടെലിവിഷന്‍ ഉല്‍പ്പാദകര്‍ക്ക് വിപണിയില്‍ കൂടുതല്‍ അവസരം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം എന്നാണ് വിവരം. വില കുറഞ്ഞ എല്‍.ഇ.ഡി ടിവികള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് കമ്പനികള്‍ക്ക് ഉള്‍പ്പെടെ നീക്കം തിരിച്ചടിയായേക്കും. വിയറ്റ്‌നാമില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ടെലിവിഷനുകള്‍ എത്തുന്നത്. നിരോധനം ടിവികളുടെ വില വർദ്ധനയിൽ എത്തുമോ എന്നത് ഇനിയും വ്യക്തമായിട്ടില്ല.
വില വർദ്ധിക്കാൻ സാധ്യത ഇല്ലെന്നാണ് വിദ്ഗ്ദ്ധരുടെ അഭിപ്രായങ്ങൾ. വിയറ്റ്‌നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്ലന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് ടെലിവിഷന്‍ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ ടെലിവിഷന്‍ വിറ്റുവരവ് 15,000 കോടിയെങ്കിലും വരും എന്നാണ് കണക്ക്. ഇതില്‍ 36 ശതമാനം ചൈനീസ് ടെലിവിഷനുകള്‍ക്കാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ പുതിയ നിയന്ത്രണം ശരിക്കും ചൈനയ്ക്കുള്ള ഒരു സ്‌ട്രൈക്ക് തന്നെയാണ്.
അതെസമയം പുതിയ നിയന്ത്രണങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ വിപണിയിലെ ടിവിയുടെ ഉത്പാദനത്തെയും ലഭ്യതയെയും ബാധിക്കാത്ത രീതിയില്‍ ആത്മനിര്‍ഭര്‍ ഭാരത് ദൗത്യ പ്രകാരം സൗകര്യം ഒരുക്കാനാണ് നീക്കം. ഇതിന് ഇന്ത്യയ്ക്ക് സാധിക്കും എന്നത് തെളിയിക്കുന്നതാണ് 2014- 2019 കാലത്തെ ഇന്ത്യയിലെ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഉത്പാദനത്തിലുണ്ടായ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത്. ഇറക്കുമതിയ്ക്ക് നിയന്ത്രണമുള്ള ഉത്പന്നങ്ങളുടെ പട്ടികയില്‍ ആണ് ടെലിവിഷന്‍ സെറ്റുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ഇറക്കുമതിയ്ക്ക് പ്രത്യേക അനുമതി വേണ്ടി വരും.