വിശാഖപട്ടണം:ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ കപ്പൽശാലയിൽ കൂറ്റൻക്രെയിൻ തകർന്ന് വീണ് 11 പേർ മരണമടഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. ക്രെയിനിന്റെ അടിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ശേഷി പരിശോധിക്കാനുള്ള ഭാര പരീക്ഷണത്തിനിടെ പുതിയ ക്രെയിൻ മൊത്തത്തിൽ തകർന്നുവീഴുകയായിരുന്നു.
മരിച്ച നാലുപേർ ഷിപ്പ്‌യാർഡ് ജീവനക്കാരും ശേഷിക്കുന്നവർ കരാർ തൊഴിലാളികളുമാണെന്ന് വിശാഖപട്ടണം പൊലീസ് കമ്മിഷണർ ആർ.കെ. മീണ പറഞ്ഞു. സൂപ്പർവൈസർ പ്രസാദ്, രമണ, സത്യരാജു, ജഗൻ, നാഗ ദേവുഡു, പി. ഭാസ്‌കർ, ടെക്‌നീഷ്യൻമാരായ വെങ്കിട്ട റാവു, ശിവ, ചൈതന്യ, ക്രെയിൻ ഓപ്പറേറ്റർ ടി.വി രത്‌നം തുടങ്ങിയവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനായിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ അപകടം നടക്കുമ്പോൾ ഇരുപതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.
ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് രണ്ട് വർഷം മുമ്പാണ് മുംബയിലെ അനുപം ക്രെയിൻ കമ്പനിയിൽ നിന്ന് പുതിയ ക്രെയിൻ വാങ്ങിയത്. കമ്പനി ക്രെയിന്റെ ശേഷി പരിശോധിച്ച് ട്രയൽ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ലെന്നാണ് വിവരം. അതിനാൽ എച്ച്.എസ്.എൽ ക്രെയിന്റെ വില മുഴുവനും കൊടുത്തിരുന്നില്ല. അതിനിടെ കരാറുകാർ മാറിയതിനാൽ കമ്മിഷനിംഗ് വൈകുകയായിരുന്നു. കമ്മിഷനിംഗിന്റെ ജോലികൾക്കിടെയാണ് അപകടം ഉണ്ടായത്.
ഇന്നലെ ക്രെയിന്റെ ഭാരം വഹിക്കാനുള്ള ട്രയൽ തുടങ്ങി ഏതാനും മിനിട്ടിനകം ക്രെയിന്റെ നടുഭാഗം പൊട്ടി പൂർണമായും തകർന്നു വീണു. തൊഴിലാളികൾ ചിതറിയോടി. ഉടൻ സ്ഥലത്തെത്തിയ പൊലീസ് കപ്പൽശാല ജീവനക്കാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുവർഷം മുമ്പ് 50 കോടി രൂപയ്ക്ക് അനുപം കമ്പനി എച്ച്.എസ്.എല്ലിന് നൽകിയ ക്രെയിനും ട്രയൽ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഉത്തരവിട്ടു.