മുംബയ് : അടുത്ത മാസം 19ന് യു.എ.ഇയിൽ തുടങ്ങാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ടീമുകൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാചട്ടങ്ങളുടെ രൂപരേഖ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തയ്യാറാക്കി. ഇന്ന് ചേരുന്ന ഐ.പി.എൽ ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ഫ്രാഞ്ചൈസി ഉടമകളുമായി ചർച്ച നടത്തിയ ശേഷം സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോളിന്റെ അന്തിമ രൂപം പ്രഖ്യാപിക്കും. ഫൈനൽ രണ്ട് ദിവസം നീട്ടുന്നതിനെക്കുറിച്ചും യു.എ.ഇയിലെ ടൂർണമെന്റ് നടത്തിപ്പിനെക്കുറിച്ചും വരുമാനവിതരണത്തെക്കുറിച്ചും ഫ്രാഞ്ചൈസികളുടെ സംശയങ്ങൾ ദുരീകരിക്കാനാണ് യോഗമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞു.
സുരക്ഷാ ചട്ടങ്ങൾ ഇങ്ങനെ
യു.എ.ഇയിലേക്ക് തിരിക്കും മുന്നേ ഇന്ത്യൻ താരങ്ങൾക്ക് രണ്ട് തവണ കൊവിഡ് ടെസ്റ്റ് നടത്തണം. മറ്റ് രാജ്യങ്ങളിലുള്ള താരങ്ങൾ അവരുടെ നാട്ടിൽ രണ്ട് തവണ പരിശോധിച്ച് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് നൽകണം. ദുബായിലെത്തിക്കഴിഞ്ഞും രണ്ട് തവണ പരിശോധന നടത്തണം.
സാധാരണ 25–28 താരങ്ങളാണ് ഓരോ ടീമിലുണ്ടാവുക. ഇത്തവണ ഇത് 20 ആക്കി കുറയ്ക്കാൻ നിർദേശിച്ചേക്കും.ഡ്രസിംഗ് റൂമിൽ ഒരേസമയം 15 കളിക്കാർ മാത്രം.
ഓരോ ടീമും താരങ്ങളെയും പരിശീലക സംഘത്തെയും മറ്റാരുമായും സമ്പർക്കമില്ലാതെ താമസിക്കുന്ന ബയോ സെക്യുർ ബബ്‌ൾ സംവിധാനത്തിനകത്താക്കണം. മാസ്ക്, സാനിറ്റൈസർ പതിവു സുരക്ഷാക്രമീകരണങ്ങളുമുണ്ടാകണം. ബി.സി.സി.ഐ, ഐ.പി.എൽ ഭാരവാഹികൾക്കും മാച്ച് ഒഫിഷ്യൽസിനുമായി വെവ്വേറെ ബബിൾ ഉണ്ടാവും.
ഓരോ താരത്തിനുമൊപ്പം ഭാര്യ, മക്കൾ എന്നിവരെ അനുവദിക്കണമോയെന്നു ടീം ഉടമകൾക്കു തീരുമാനിക്കാം.എന്നാൽ വരുന്നവരൊക്കെ ബയോ സെക്യുർ ബബിളിനുള്ളിലായിരിക്കണം.
താരങ്ങൾ ഉൾപ്പെടെയുള്ള എല്ലാവരും ആരോഗ്യസേതു ആപ്പിന് സമാനമായ ഡി.എക്സ്. ബി ആപ് മൊബൈൽ ഫോണിൽ സജ്ജമാക്കണം. താരങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ 24 മണിക്കൂറും ഹെൽപ്‌ലൈൻ ഉണ്ടാകും.
ഫ്രാഞ്ചൈസികൾക്കു ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാം. ഒരിക്കൽ റിസർവ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഹോട്ടലുകൾ മാറാൻ കഴിയില്ല.