federer

റോം : തങ്ങൾ ആരാധിക്കുന്ന സൂപ്പർ താരങ്ങൾ അപ്രതീക്ഷിതമായി കൺമുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരായാലും ഞെട്ടിപ്പോകും. തങ്ങളുടെ ആരാധനാ പുരുഷനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇറ്റലിയിലെ ലിഗൂരിയ സ്വദേശികളായ രണ്ട് പെൺകുട്ടികൾക്കായി ഇൗ അപൂർവ്വ ഭാഗ്യമൊരുക്കിയത് സ്വിസ് ടെന്നിസ് ഇതിഹാസമായ റോജർ ഫെഡററാണ്.

11 കാരിയായ കരോളയും 13കാരിയായ വിറ്റോറിയയുമായിരുന്നു ഇൗ ഭാഗ്യവതികൾ. ലോക്ക്‌ഡൗൺ കാലത്ത് ഏറെ ശ്രദ്ധയാകർഷിച്ച ഒരു ടെന്നീസ് വീഡിയോയിലൂടെ പ്രശസ്തയായവരാണ് കരോളയും വിറ്റോറിയയയും. ടെന്നിസ് കോർട്ടുകൾ അടച്ചിട്ടതിനാൽ മുഖാമുഖമുള്ള വീടുകളുടെ ടെറസിൽ നിന്ന് ടെന്നീസ് കളിക്കുന്ന ഇവരുടെ വീഡിയോ കണ്ടാണ് ഫെഡററർ നേരിട്ട് എത്തിയത്.

പ്രശസ്തമായ ഒരു ഇറ്റാലിയൻ പാസ്ത കമ്പനിയാണ് ഫെഡററുടെ സർപ്രൈസ് വിസിറ്റിന് അവസരമൊരുക്കിയത്. രണ്ട് പെൺകുട്ടികളെയും അവരുടെ വീഡിയോ വൈറലായതിന്റെ പേരിൽ അഭിമുഖം നടത്താനെത്തിയ ടി വി ചാനൽ സംഘം എന്ന നിലയിലാണ് സർപ്രൈസിന് സാഹചര്യമൊരുക്കിയത്. വൈറൽ വീഡിയോയ്ക്ക് ശേഷം ഇത് പതിവായതിനാൽ പെൺകുട്ടികൾക്ക് സംശയം തോന്നിയതുമില്ല.

അവർ ടെന്നീസ് കളിച്ച അതേ വീടിന്റെ മട്ടുപ്പാവിലാണ് ഇന്റർവ്യൂ നടന്നത്. ഇരുവരും സംസാരിക്കുന്നത് ഹെഡ്ഫോൺ വച്ച് കേട്ടുകൊണ്ടിരുന്ന ഫെഡറർ പതിയെ ടെറസിലേക്ക് വന്നതും തങ്ങളുടെ പിറകിൽ നിന്നതും ഇരുവരും കണ്ടിരുന്നില്ല. അപ്പോൾ ഫെഡററെക്കുറിച്ചായിരുന്നു അവർ പറഞ്ഞുകൊണ്ടിരുന്നത്. റാഫേൽ നദാലിനെക്കുറിച്ച് സംസാരമെത്തിയപ്പോൾ പിന്നിൽ നിന്നൊരു കുസൃതിച്ചോദ്യം കേട്ട് നോക്കിയപ്പോൾ ഞെട്ടിപ്പോയി. ആദ്യം തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ അവർക്കായില്ല. ഫെഡറർ തങ്ങളെ പേരെടുത്ത് വിളിച്ചപ്പോൾ പിന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.പിന്നെ സമയം പാഴാക്കാതെ സെൽഫിയെടുത്തു.

അവരുടെ വീഡിയോയെ പ്രശംസിച്ച ഫെഡററെ തന്നെയും ടെറസിൽ കളിക്കാൻ കൂട്ടുമോ എന്ന് ചോദിച്ചപ്പോൾ ഇരുവരും ഒന്നിച്ചാണ് സമ്മതിച്ചത്. പിന്നീട് വിറ്റോറിയയും കരോളും ഒരു വീടിന്റെ ടെറസിലും ഫെഡറർ എതിർ ടെറസിലുമായി അൽപ്പനേരം ടെന്നീസ് കളി. കളി കഴിഞ്ഞപ്പോൾ നമുക്കോരോ പാസ്ത കഴിച്ചാലോ എന്നായി സൂപ്പർ താരത്തിന്റെ ചോദ്യം. ഭക്ഷണം കഴിക്കുമ്പോൾ ഏതുസാഹചര്യത്തിലും എവിടെയും ടെന്നിസ് കളിക്കാമെന്ന വലിയ സന്ദേശമാണ് നിങ്ങളുടെ വീഡിയോ ലോകത്തിന് നൽകിയതെന്ന് ഫെഡററർ പറഞ്ഞു. കൊവിഡ് കാരണം ലോകം മുഴുവൻ ലോക്ക്ഡൗണിലായ സാഹചര്യത്തിൽ ആ സന്ദേശം നൽകിയ ആത്മവിശ്വാസം വലുതാണെന്നും ഫെഡററർ പറഞ്ഞു.

വിറ്റോറിയയുടെയും കരോളിന്റെയും സർപ്രൈസ് അവിടംകൊണ്ട് തീർന്നില്ല. മടങ്ങിപ്പോയ ഫെഡററർ അവർക്ക് ഒരു വീഡിയോ സന്ദേശമയച്ചു.സ്പെയ്നിലെ റാഫേൽ നദാലിന്റെ ടെന്നീസ് അക്കാഡമിയിൽ ഇരുവർക്കും പരിശീലനത്തിന് അവസരമൊരുക്കിയിട്ടുണ്ടെന്നും പോകാനായി ബാഗ് പാക്ക് ചെയ്തോളൂ എന്നുമായിരുന്നു ആ സന്ദേശം.

പുരപ്പുറത്ത് ടെന്നീസ് ദൈവമെത്തുമ്പോൾ കരോളയ്ക്കും വിറ്റോറിയയ്ക്കും സഫലമായത് തങ്ങളുടെ സ്വപ്നങ്ങളാണ്.