car-sales

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച വില്പനമാന്ദ്യത്തിൽ നിന്ന് ആഭ്യന്തര വാഹന വിപണി കരകയറുന്നു. ജൂണിനെ അപേക്ഷിച്ച് 88.2 ശതമാനം കുതിപ്പാണ് വില്പനയിൽ മാരുതി സുസുക്കി കുറിച്ചത്. പുതുതായി 1.08 ലക്ഷം വാഹനങ്ങൾ കഴിഞ്ഞമാസം മാരുതി വിറ്റഴിച്ചു. ഫാക്‌ടറികളിൽ നിന്ന് ഡീലർ ഷോറൂമുകളിലേക്കുള്ള വില്പനയുടെ കണക്കാണിത്. റീട്ടെയിൽ വില്പന വിശദാംശം പിന്നീട് ഡീലർമാരാണ് പുറത്തുവിടുക.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വില്പന 32.64 ശതമാനം ഉയർന്ന് 25,​678 യൂണിറ്റുകളിലെത്തി. 19,​358 വാഹനങ്ങളായിരുന്നു ജൂണിലെ വില്പന. ട്രാക്‌ടർ വില്പനയിൽ 28 ശതമാനം വളർച്ച മഹീന്ദ്ര കുറിച്ചു. ഗ്രാമീണ-കാർഷിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ട്രാക്‌ടർ വില്‌പനയിലെ വളർച്ച. 5,​386 യൂണിറ്റുകളാണ് ടൊയോട്ടയുടെ വില്പന; വർദ്ധന 39.31 ശതമാനം. ഹീറോ മോട്ടോകോർപ്പ് 14 ശതമാനം വില്പന വളർച്ച രേഖപ്പെടുത്തി. 79 ശതമാനം നേട്ടവുമായി 38,​200 കാറുകളുടെ വില്പന ഹ്യുണ്ടായ് നടത്തി. എം.ജി മോട്ടോഴ്‌സ് 4.6 ശതമാനം വർദ്ധനയും നേടി.