gst

ന്യൂഡൽഹി: ജൂണിൽ ഉണർവിന്റെ സൂചനകൾ സമ്മാനിച്ച ജി.എസ്.ടി സമാഹരണം,​ ജൂലായിൽ നിരാശപ്പെടുത്തി. 14 ശതമാനം ഇടിവുമായി 87,​422 കോടി രൂപയാണ് കഴിഞ്ഞമാസം സമാഹരിച്ചത്. ജൂണിൽ 90,​917 കോടി രൂപ ലഭിച്ചിരുന്നു. ഏപ്രിലിൽ 32,​294 കോടി രൂപയും മേയിൽ 62,​009 കോടി രൂപയുമാണ് ലഭിച്ചത്.

പ്രതിമാസം ഒരുലക്ഷം കോടി രൂപയിൽ കുറയാത്ത സമാഹരണം നടത്തുകയായിരുന്നു ജി.എസ്.ടി നടപ്പാക്കിയപ്പോൾ കേന്ദ്രം ഉദ്ദേശിച്ചത്. കൊവിഡ് പ്രതിസന്ധി മൂലം ഏപ്രിലിൽ ലഭിച്ചത് 2019 ഏപ്രിലിന്റെ 28 ശതമാനം മാത്രമാണ്. മേയിൽ 2019 മേയുടെ 62 ശതമാനം ലഭിച്ചു. ജൂലായിലെ സമാഹരണം,​ 84 ശതമാനം. കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 16,​147 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി. സംസ്ഥാന ജി.എസ്.ടിയായി 21,​418 കോടി രൂപ ലഭിച്ചു. 42,​592 കോടി രൂപ സംയോജിത ജി.എസ്.ടിയായും സെസ് ഇനത്തിൽ 7,​265 കോടി രൂപയും കേന്ദ്രം സമാഹരിച്ചു.