ന്യൂഡൽഹി: ഡിസൈനിംഗില്‍ കഴിവ് തെളിയിച്ചിട്ടുള്ളവരാണോ നിങ്ങള്‍? അതിലൂടെ സര്‍ക്കാരില്‍നിന്ന് 25,000 രൂപ ക്യാഷ് പ്രൈസ് ആയി ലഭിക്കാന്‍ ഒരു അവസരം. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ലോഗോ ഡിസൈന്‍ മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ 25,000 രൂപ സമ്മാനമായി നല്‍കുക. തികച്ചും വ്യത്യസ്തമായ ലോഗോയാണ് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് എന്ന പദ്ധതിക്കായി ഒരുക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
2020 മെയ് 12 നാണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ ഭാരതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചത്. MyGov.in വെബ്സൈറ്റിലൂടെയാണ് ' ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് ലോഗോ ഡിസൈന്‍' മത്സരത്തില്‍ പങ്കെടുക്കേണ്ടത്. സര്‍ഗ്ഗാത്മകവും നൂതനവുമായ ലോഗോ ആണ് മത്സരത്തില്‍ പരിഗണിക്കുക. 2020 ഓഗസ്റ്റ് 5 രാത്രി 11:45 വരെയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഓരോ എന്ട്രിക്കുമൊപ്പം ലോഗോയെക്കുറിച്ചുള്ള ഹ്രസ്വമായ വിശദീകരണം നല്‍കണം.
എന്‍ട്രികള്‍ www.mygov.in ന്റെ ക്രിയേറ്റീവ് വിഭാഗം വഴി സമര്‍പ്പിക്കേണ്ടതാണ്.
ഇന്ത്യന്‍ പൗരന്മാര്ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാകുകയുള്ളൂ. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ. എന്‍ട്രികള്‍ സൗജന്യമായി സമര്‍പ്പിക്കാവുന്നതാണ്.
ലോഗോ രൂപകല്‍പ്പന നിങ്ങളുടെ സ്വന്തവും യഥാര്‍ത്ഥവുമായിരിക്കണം. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമം, ഇന്റലെക്ച്വല്‍ പ്രൊപ്പേര്‍ട്ടി അവകാശം എന്നിവ ലംഘിച്ചുള്ളതായിരിക്കരുത്.
അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ മുമ്പ് പ്രസിദ്ധീകരിച്ചതാകരുത്. പ്രകോപനപരമോ ആക്ഷേപകരമോ അനുചിതമായതോ ആയ ഉള്ളടക്കങ്ങള്‍ അടങ്ങിയ ലോഗോകള്‍ പരിഗണിക്കില്ല.
പേര്, ഏറ്റവും പുതിയ ഫോട്ടോ, രാജ്യം, പൂര്‍ണ്ണമായ തപാല്‍ വിലാസം, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തണം. അപൂര്‍ണ്ണമായ പ്രൊഫൈലുകളുള്ള എന്‍ട്രികള്‍ പരിഗണിക്കില്ല.
വിജയിയെ ഇമെയില്‍ വഴിയോ അല്ലെങ്കില്‍ My.Gov ബ്ലോഗ് പേജിലൂടെയോ പ്രഖ്യാപിക്കും. വിജയിയെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ 3 പ്രവൃത്തി ദിവസത്തിനുള്ളില്‍ ഇമെയില്‍ മറുപടി നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റൊരു വിജയിയെ തിരഞ്ഞെടുക്കുന്നതായിരിക്കും.
അയക്കേണ്ട വിധം
ലോഗോ ജെ.പി.ഇ.ജി, പി.എൻ.ജി അല്ലെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ മാത്രം സമര്‍പ്പിക്കുക.
കളര്‍ ലോഗോ ആയിരിക്കണം.
ലോഗോയുടെ വലുപ്പം പോര്‍ട്രെയ്റ്റിലോ ലാന്‍ഡ്സ്കേപ്പിലോ 5സെമി. * 5സെമി. മുതല്‍ 60സെമി. * 60സെമി. വരെ ആയിരിക്കണം.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ആയിരിക്കണം ലോഗോ രൂപകല്‍പ്പന ചെയ്യേണ്ടത്.