തിരുവല്ല: പ്ളീസ്, ആരെങ്കിലും സഹായിക്കൂ...- അപകടത്തിൽ പരിക്കേറ്റ് റോഡിൽ രക്തംവാർന്നുകിടന്ന യുവാവിന് മുന്നിൽ നിന്നുള്ള ഡോക്ടർ ബിംബിയുടെ യാചന ആരുടെയും കരളലയിച്ചില്ല. എല്ലാവരും കാഴ്ചക്കാരായതേള്ളു.
കുറച്ചുകഴിഞ്ഞ് അതുവഴി വന്ന മാദ്ധ്യമപ്രവർത്തകൻ പെരിങ്ങര സ്വദേശി സതീഷ് കുമാർ യുവാവിനെ
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴ തലവടി സൗത്ത് എക്കപ്പുറത്ത് തുണ്ടിയിൽ പറമ്പിൽ വീട്ടിൽ മാത്യു ഏബ്രഹാമിന്റെ മകൻ ജിബു ഏബ്രഹാമാണ് (23)മരിച്ചത്.
ഇന്നലെ രാവിലെ 10.15ന് തിരുവല്ല - മാവേലിക്കര സംസ്ഥാനപാതയിൽ പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു അപകടം.
നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോ. ബിംബി ഒാടിച്ച കാറാണ് ജിബുവും തലവടി സ്വദേശി ജെഫിനും സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. ആശുപത്രിയിലേക്ക് പോവുകയായിരുന്നു ബിംബി. തെറിച്ചുവീണ ജിബു രക്തം വാർന്ന് അവശനിലയിലായി. ജെഫിന് സിസാര പരിക്കേറ്റു. ആളുകൾ ഓടിക്കൂടി. കാറിൽ നിന്നിറങ്ങിയ ബിംബിയും മറ്റൊരു യുവതിയും യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്ന് എല്ലാവരോടും കെഞ്ചി. പക്ഷേ ആരും അടുത്തില്ല. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ കൂടുതൽ ആളുകളെത്തിയെങ്കിലും ഇവരും കാഴ്ചക്കാരായതേയുള്ളു.
പിന്നീടാണ് അതുവഴി വന്ന മാദ്ധ്യമ പ്രവർത്തകൻ ജിബുവിനെയും ജെഫിനെയും മറ്റൊരു വാഹനത്തിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇതിന് ശേഷമാണ് സമീപമുള്ള പുളിക്കീഴ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയത്.
ഗൾഫിൽ ജോലിയുള്ള ജിബു മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ . സംസ്കാരം പിന്നീട്. മാതാവ്: ഷേർളി മാത്യു. സഹോദരൻ: മാത്യു എബ്രഹാം (മദ്ധ്യപ്രദേശ്)