കാൻബെറ : ലോഡുകണക്കിന് കൊക്കെയ്‌ൻ കുത്തിനിറച്ച് പാപ്പുവാ ന്യൂഗിനിയയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ട ചെറുവിമാനം ടേക്ക് - ഓഫിനിടെ തകർന്നുവീണു. മെൽബൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കുറ്റവാളി സംഘത്തിന് വേണ്ടിയായിരുന്നു കൊക്കെയ്‌ൻ കടത്ത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഇവർക്ക് ഇറ്റാലിയൻ മാഫിയ സംഘവുമായും ബന്ധമുണ്ടെന്ന് ഓസ്ട്രേലിയൻ പൊലീസ് പറഞ്ഞു.
ഓസ്ട്രേലിയക്കാരനായ വിമാനത്തിന്റെ പൈലറ്റ് ന്യൂഗിനിയ പൊലീസിൽ സ്വയം കീഴടങ്ങുകയും ഇയാളെ പിന്നീട് ഓസ്ട്രേലിയൻ അധികൃതർക്ക് കൈമാറുകയും ചെയ്തു. സെസ്നയുടെ ചെറുവിമാനമാണ് 500 കിലോഗ്രാമിലധികം കൊക്കെയ്നുമായി പറന്നത്. ഏകദേശം 80 മില്യൺ ഓസ്ട്രേലിയൻ ഡോളർ വിലമതിക്കുന്ന കൊക്കെയ്ൻ ശേഖരമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഓസ്ട്രേലിയയിൽ അടുത്തിടെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിൽ ഒന്നാണിത്. 2016ൽ 500 കിലോയോളം കൊക്കെയ്ൻ ന്യൂസൗത്ത് വെയിൽസിൽ പിടിച്ചെടുത്തിരുന്നു.