central-minister

ന്യൂഡൽഹി: രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിൽ വിദേശ ഭാഷകളുടെ പട്ടികയിൽ നിന്ന് കേന്ദ്രസർക്കാർ ചൈനീസ് ഭാഷയെ ഒഴിവാക്കി.

കഴിഞ്ഞ വർഷം കേന്ദ്രം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പട്ടികയിൽ ചൈനീസ് ഭാഷ ഇടംപിടിച്ചിരുന്നു. എന്നാൽ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും രമേഷ് പൊക്രിയാലും ബുധനാഴ്ച പുറത്തിറക്കിയ '2020 വിദ്യാഭ്യാസ നയത്തിൽ' ചൈനീസ് ഭാഷ ഇടംപിടിച്ചില്ല. ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കൊറിയൻ, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, തായ് എന്നീ വിദേശ ഭാഷകളാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്.ചൈനീസ് ഭാഷയെ ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല.

സെക്കൻഡറി സ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്ക് ലോക സംസ്‌കാരത്തെക്കുറിച്ച് മനസിലാക്കാനും ആഗോള വിജ്ഞാനം സമ്പന്നമാക്കാനും ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് പഠിക്കാനുള്ള വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നാണ് ചൈനീസ് ഭാഷയെ ഒഴിവാക്കിയത്.
ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ടിക്ടോക്ക്, വിചാറ്റ് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ നയത്തിൽ ചൈനീസ് ഭാഷയെ ഒഴിവാക്കിയുള്ള നടപടി.