വിജയവാഡ: ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ അംഗീകാരം നൽകി. കൂടാതെ എപി ക്യാപിറ്റൽ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റി റദ്ദാക്കുന്ന ബില്ലിലും ഗവർണർ ഒപ്പുവച്ചു. വിശാഖപട്ടണം, കുർനൂൽ, അമരാവതി എന്നീ നഗരങ്ങളാണ് സംസ്ഥാന ആസ്ഥാനങ്ങളായി മാറുന്നത്. വിശാഖപട്ടണം ഭരണനിർവഹണ ആസ്ഥാനമാകും. ഹൈക്കോടതി ആസ്ഥാനം കുർനൂലിലേക്ക് മാറ്റുന്നതിലൂടെ ഈ നഗരം നിയമ തലസ്ഥാനമായി മാറും. നിയമസഭ അമരാവതിയിൽ തുടരുന്നതിലൂടെ നിയമനിർമാണ ആസ്ഥാനം അമരാവതിയായിരിക്കും.
വർഷത്തിൽ 40 ദിവസത്തിൽ താഴെ മാത്രമാണ് നിയമസഭ സമ്മേളിക്കുന്നത് എന്നതിനാൽ മുഖ്യമന്ത്രി, ഗവർണർ എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന വിശാഖപട്ടണമായിരിക്കും പ്രധാന ഭരണകേന്ദ്രം. ഗവർണർ ബില്ലുകൾക്ക് അംഗീകാരം നൽകിയെങ്കിലും ഇവയ്ക്കെതിരെ അമരാവതിയിലെ കർഷകർ നൽകിയ ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ കോടതി വിധി വന്നതിന് ശേഷമേ ബിൽ നിലവിൽ വരികയുള്ളൂ.
ത്രിതല ആസ്ഥാനം സംബന്ധിച്ച് സർക്കാർ ആലോചന ജനുവരിയിൽ തുടങ്ങിയപ്പോൾ തന്നെ വിമർശനങ്ങളും പ്രതിഷേധവും ഉയർന്നിരുന്നു. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ കർഷകർ 230 ദിവസമായി പ്രതിഷേധസമരം നടത്തുകയാണ്. ഗവർണർ ബില്ലിൽ ഒപ്പുവച്ചതിന്റെ ആശ്വാസത്തിലാണ് ജഗൻ മോഹൻ റെഡ്ഡി സർക്കാർ.