ന്യൂഡൽഹി: സൈന്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാക്കി. ചില വെബ് സീരീസുകളിൽ സേനയെ മോശമായി ചിത്രീകരിച്ചെന്ന പരാതിക്ക് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. പുതിയ ഉത്തരവ് നിർമാതാക്കളെ അറിയിക്കാൻ സെൻട്രൽ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്, ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, വിവര പ്രക്ഷേപണ മന്ത്രാലയം എന്നിവയ്ക്ക് പ്രതിരോധ മന്ത്രാലയം കത്തയച്ചു.
സിനിമ/ഡോക്യുമെന്ററി/വെബ് സീരീസ് എന്നിവയിൽ സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് മുൻപ് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി തേടണം.
സൈനിക ഉദ്യോഗസ്ഥരേയും സൈനിക യൂണിഫോമിനേയും അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾക്കെതിരേ ശക്തമായ എതിർപ്പ് ഉന്നയിച്ച് പ്രതിരോധ മന്ത്രാലയത്തിന് വ്യാപകമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു
സീ 5ലെ 'കോഡ് എം', എഎൽടി ബാലാജിയിലെ 'XXX അൺസെൻസേർഡ് (സീസൺ 2)' എന്നിവയടക്കമുള്ള ചില വെബ് സീരീസുകളിലുള്ള സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണ്. ഇതിൽ സായുധ സേനയെ വികലമായാണ് അവതരിപ്പിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.