സാവോ പോളോ : എല്ലാവർക്കും എപ്പോൾ വേണമെങ്കിലും കൊവിഡിനെ നേരിടേണ്ടി വരുമെന്നും അതിനാൽ കൊവിഡിനെ നേരിടാൻ എല്ലാവരും തയാറായിരിക്കണമെന്നും ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോ. ഈ മാസം ആദ്യമാണ് ബൊൽസൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച അദ്ദേഹത്തിന്റെ രോഗം ഭേദമായി. എന്നാൽ കഴിഞ്ഞ ദിവസം ബൊൽസൊനാരോയുടെ ഭാര്യ മിഷേലിന് കൊവിഡ് പോസിറ്റീവാകുകയും ചെയ്തു.
' എന്നെങ്കിലും ഒരു ദിവസം തനിക്ക് കൊവിഡ് വരുമെന്ന് അറിയാമായിരുന്നു. നിർഭാഗ്യവശാൽ ഇവിടെയുള്ള എല്ലാവർക്കും ഏതെങ്കിലുമൊരു ഘട്ടത്തിൽ കൊവിഡ് ബാധിക്കുമെന്നാണ് താൻ കരുതുന്നത്' ബ്രസീലിന്റെ തെക്കൻ സംസ്ഥാനമായ റിയോ ഗ്രാന്റി ഡൂ സൂളിൽ വച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബൊൽസൊനാരോ. കൊവിഡിനെ ഭയപ്പെടേണ്ടെന്നും ധൈര്യത്തോടെ നേരിടുകയാണ് വേണ്ടതെന്നും പറഞ്ഞ ബൊൽസൊനാരോ കൊവിഡ് മരണങ്ങളിൽ തനിക്ക് ദുഃഖമുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ എല്ലാ ദിവസവും പല കാരണങ്ങളാലും മനുഷ്യൻ മരിക്കുന്നുണ്ടെന്നും അതാണ് ജീവിതമെന്നും ബൊൽസൊനാരോ വിശദീകരിച്ചു.
ജൂലായ് 7നാണ് ബൊൽസൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രസിഡൻഷ്യൽ പാലസിൽ ക്വാറന്റൈനിലായിരുന്നു ബൊൽസൊനാരോ. ഇക്കാലയളവിൽ 18 ദിവസത്തിനിടെ നാല് കൊവിഡ് ടെസ്‌റ്റുകൾ നടത്തിയ ബൊൽസൊനാരോയ്ക്ക് മൂന്ന് ടെസ്‌റ്റുകളും പോസിറ്റീവ് ആയിരുന്നു. തുടക്കം മുതൽ തന്നെ കൊവിഡിനെ പരിഹസിക്കുകയും ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളെ എതിർക്കുകയും ചെയ്തിരുന്ന ബൊൽസൊനാരോ ' ചെറിയ പനി ' എന്നാണ് കൊവിഡ് 19നെ വിശേഷിപ്പിച്ചത്.
നിലവിൽ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യമായ ബ്രസീലിൽ 2,666,298 പേരാണ് രോഗബാധിതരായുള്ളത്. 92,568 പേർക്ക് ജീവൻ നഷ്‌ടമായി.