ഷാങ്ഹായ്: ആപ്പ് സ്റ്റോറിൽ നിന്നും ചെെനീസ് ആപ്പുകൾ നീക്കം ചെയ്ത് ആപ്പിൾ. 26,000 ഗെയിമുകൾ ഉൾപ്പെടെ 29,800 ചൈനീസ് ആപ്ലിക്കേഷനുകളാണ് ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്. ചൈനീസ് അധികൃതരുടെ ലൈസൻസില്ലാത്ത ഗെയിമുകൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങൾക്ക് ആപ്പിൾ തയ്യാറായിട്ടില്ല.
ആപ്ലിക്കേഷനുകൾക്കായി സർക്കാർ നൽകിയിട്ടുളള ലൈസൻസ് നമ്പർ നൽകാൻ ഈ വർഷം ആദ്യം തന്നെ ആപ്പിൾ ഡെവലപ്പേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. ജൂൺ അവസാനം വരെയായിരുന്നു ഇതിനായി ആപ്പിൾ സമയം അനുവദിച്ചിരുന്നത്. എന്നാൽ ആപ്പിൾ കർശനമായ നിയന്ത്രണങ്ങൾ ഇപ്പോൾ കൊണ്ടുവരുന്നതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.ജൂലായ് ആദ്യ വാരത്തോടെ 2500 ഓളം ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പിൾ നീക്കം ചെയ്തിരുന്നു. ഗെയിമിംഗ് വ്യവസായത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൈനീസ് സർക്കാർ ദീർഘകാലമായി ശ്രമം നടത്തിവരികയാണ്. ആപ്ലിക്കേഷനുകൾ നീക്കം ചെയ്തതോടെ ചെറുകിട, ഇടത്തരം ഡെവലപ്പർമാരുടെ വരുമാനത്തെയാണ് ഇത് സാരമായി ബാധിക്കുന്നത്.