mobile-crime

മാണ്ഡ്യ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വഴക്ക് പറഞ്ഞ അമ്മയെ മകൻ കൊലപ്പെടുത്തി. കർണാടക മാണ്ഡ്യ സ്വദേശി ശ്രീലക്ഷ്മിയാണ് (45) മകന്റെ കൊലക്കത്തിക്കിരയായത്. സംഭവത്തിൽ മകൻ മനുശർമയെ (21) പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. മനു സദാസമയവും മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നതിനെ അമ്മ എതിർത്തിരുന്നു. പലതവണ വഴക്ക് പറഞ്ഞു. മൊബൈൽ ഉപയോഗം കാരണം മകൻ പഠിത്തത്തിൽ പിറകോട്ട് പോയെന്നും പരാതിപ്പെട്ടു. വ്യാഴാഴ്ച രാത്രിയും പതിവ് പോലെ മൊബൈൽ ഉപയോഗത്തെച്ചൊല്ലി ഇരുവരും വഴക്കിട്ടു. ഇതിനിടെയാണ് പ്രകോപിതനായ മകൻ അമ്മയെ ആക്രമിച്ചത്.

മൂർച്ചയേറിയ ആയുധം കൊണ്ടാണ് ആദ്യം പരിക്കേൽപ്പിച്ചത്. പിന്നാലെ കത്തി കൊണ്ട് കഴുത്തിൽ കുത്തി. ശ്രീലക്ഷ്മി തൽക്ഷണം മരിച്ചു. എന്നാൽ സംഭവമറിഞ്ഞെത്തിയ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചില്ല. കൊലപാതകം മറച്ചുവെച്ച ബന്ധുക്കൾ ശ്രീലക്ഷ്മി ജീവനൊടുക്കിയെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. സംശയം തോന്നിയ അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ചോദ്യംചെയ്തതോടെ മകൻ കുറ്റംസമ്മതിച്ചു.