spurious-liquor-tragedy

അമൃത്‌സർ : പഞ്ചാബിൽ വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 86 ആയി. താൻ താരൻ ജില്ലയിൽ മാത്രം മരിച്ചവരുടെ എണ്ണം 63 ആണ്. താൻ താരനിലെ സദാറിലും സമീപ നഗരപ്രദേശങ്ങളിലുമാണ് കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമൃത്‌സറിൽ ഇതേവരെ 12 പേരും ഗുരുദാസ്പൂരിലെ ബദലയിൽ 11 പേരും മരിച്ചു. ബുധനാഴ്ച രാത്രി മുതലാണ് വിഷ മദ്യം കഴിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്.

അതേ സമയം, മരിച്ചവരിൽ ഭൂരിഭാഗം പേരുടെയും ബന്ധുക്കൾ സംഭവവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ തയാറാകുന്നില്ലെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മിക്കവരും പൊലീസിനെ സമീപിക്കുന്നതുമില്ലെന്നും ചിലർക്ക് മരിച്ചവരുടെ പോസ്‌റ്റ്മോർട്ടം നടത്താൻ പോലും താത്പര്യം ഇല്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.

മരിച്ചവർ വിഷ മദ്യം കഴിച്ചല്ല മരിച്ചതെന്നും, പകരം ഹൃദയസ്തംഭനമായിരുന്നു മരണകാരണം എന്നുമാണ് ചിലരുടെ ബന്ധുക്കൾ പറയുന്നതെന്നും ഗുരുദാസ്പൂർ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഇഷ്ഫാഖ് പറഞ്ഞു. താൻ താരൻ ജില്ലയിൽ പൊലീസിൽ അറിയിക്കുന്നതിന് മുമ്പ് മരിച്ച ചിലരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ സംസ്കരിച്ചതായും പൊലീസ് പറ‌ഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 7 എക്സൈസ് ഉദ്യോഗസ്ഥരെയും 6 പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് ഇതേവരെ അറസ്‌റ്റ് ചെയ്തു.