ന്യൂഡൽഹി: ഒന്നാം യു.പി.എ സർക്കാരിനെ നിർണായക ഘട്ടത്തിൽ താങ്ങി നിറുത്തിയതടക്കമുള്ള നീക്കങ്ങളിലൂടെ ഡൽഹിയിലെ രാഷ്‌ട്രീയ ചാണക്യനായി അറിയപ്പെട്ടിരുന്ന മുൻ സമാജ്‌വാദി പാർട്ടി നേതാവും രാജ്യസഭാംഗവുമായ അമർ സിംഗ് (64) അന്തരിച്ചു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ സിംഗപ്പൂരിലായിരുന്നു അന്ത്യം.
2017ൽ സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഷ്‌ട്രീയത്തിൽ സജീവമായിരുന്നില്ല. മാർച്ചിൽ ലോക്ക് ഡൗണിന് മുൻപാണ് സിംഗപ്പൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ തന്റെ മരണവാർത്ത പ്രചരിച്ചപ്പോൾ, 'കടുവ മരിച്ചിട്ടില്ലെന്ന്' അദ്ദേഹം സ്വയം ട്വിറ്ററിൽ പോസ്‌റ്റു ചെയ്‌തിരുന്നു. ഇന്നലെ മരിക്കുന്നതിന് തൊട്ടു മുൻപു വരെയും ട്വിറ്ററിൽ സജീവമായിരുന്നു.
ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ അമർ സിംഗ്, മുലായം സിംഗിന്റെ വിശ്വസ്‌തനായി സമാജ്‌വാദി പാർട്ടിയിലൂടെയാണ് ദേശീയരാഷ്‌ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. മൂന്നുതവണ രാജ്യസഭാംഗമായി. അമേരിക്കയുമായുണ്ടാക്കിയ ആണവ കരാറിന്റെ പേരിൽ 2008ൽ സി.പി.എം പിന്തുണ പിൻവലിച്ചപ്പോൾ 39 സമാജ്‌വാദി എം.പിമാരുടെ പിന്തുണ ഉറപ്പാക്കി ഒന്നാം യു.പി.എ സർക്കാരിനെ താങ്ങി നിറുത്തിയത് അമർസിംഗിന്റെ നീക്കങ്ങളാണ്. 2008ൽ വിശ്വാസവോട്ടെടുപ്പിന് ബി.ജെ.പി അംഗങ്ങൾക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന കേസിൽ ഏതാനും ദിവസം തീഹാർ ജയിലിൽ കിടന്നു. അഭിപ്രായ ഭിന്നതയെ തുടർന്ന് 2010ൽ എസ്.പി വിട്ട് ചലച്ചിത്ര താരം ജയപ്രദയ്‌ക്കൊപ്പം സ്വന്തമായി രൂപീകരിച്ച രാഷ്‌ട്രീയ ലോക് മഞ്ച് വിജയിച്ചില്ല. 2016ൽ എസ്.പി പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭാംഗമായി. അഖിലേഷ് യാദവുമായി ഉടക്കിയതോടെ 2017ൽ വീണ്ടും പാർട്ടി പുറത്താക്കി. അമിതാഭ് ബച്ചനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അമർ സിംഗ് രണ്ട് ബോളിവുഡ് സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.