landslide-nepal

കാഠ്മണ്ഡു: അതിശക്തമായ മഴ തുടരുന്ന നേപ്പാളില്‍ മണ്ണിടിച്ചിലില്‍ മൂന്ന് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. രണ്ട് ഇടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിലാണ് മരണം സംഭവിച്ചത്. ഇതോടെ മണ്‍സൂണ്‍ സീസണ്‍ തുടങ്ങിയതിന് ശേഷം രാജ്യത്ത് മരിച്ചവരുടെ എണ്ണം 175 ആയതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മരിച്ചവരില്‍ 30 വയസ്സുകാരിയും അവരുടെ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. 10 മാസത്തിനും ഒമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പടിഞ്ഞാറന്‍ നേപ്പാളിലെ ഗുല്‍മി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ജീവന്‍ നഷ്ടമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ നേപ്പാളിലെ സുന്‍സരി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിലാണ് ഒരാള്‍ മരിച്ചത്. മേയിലാണ് നേപ്പാളില്‍ മണ്‍സൂണ്‍ തുടങ്ങിയത്.

കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും രാജ്യത്തെ ജനങ്ങളെ വലയ്ക്കുകയാണ്. ഇതുവരെ 108 പേരെയാണ് പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 52 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതിശക്തമായ മഴയും പ്രളയവും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയാകെ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ അസം, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പ്രളയം നാശം വിതച്ചത്. ബംഗ്ലാദേശില്‍ 5000 ഹെക്റ്ററോളം കൃഷിഭൂമിയാണ് പ്രളയത്തില്‍ നശിച്ചത്.