മോസ്കോ : കൊവിഡ് 19നെതിരെ ഒക്ടോബർ മുതൽ രാജ്യവ്യാപകമായി വാക്സിനേഷൻ തുടങ്ങാനൊരുങ്ങി റഷ്യ. റഷ്യൻ ആരോഗ്യമന്ത്രി മിഖായിൽ മുറാഷ്കോയാണ് റഷ്യൻ മാദ്ധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ ഡോക്ടർമാർക്കും അദ്ധ്യാപകർക്കുമാണ് ആദ്യം വാക്സിൻ നൽകുകയെന്ന് മന്ത്രി പറഞ്ഞു. റഷ്യയുടെ ആദ്യ കൊവിഡ് വാക്സിന് ഈ മാസം തന്നെ അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, റഷ്യയുടെ ദ്രൂത ഗതിയിലുള്ള നടപടികളിൽ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അമേരിക്കൻ പകർച്ചവ്യാധി വിദഗ്ദ്ധനായ ഡോ. ആന്റണി ഫൗചിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയും റഷ്യയും വാക്സിനുകൾ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് മുമ്പ് മനുഷ്യരിൽ പ്രയോഗിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഫൗചി പറഞ്ഞിരുന്നു. യു.എസിന്റെ കൊവിഡ് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും ഈ വർഷം അവസാനത്തോടെ അത് പുറത്തിറക്കുമെന്നും ഫൗചി പറഞ്ഞു. യു.എസിന് മുമ്പ് ആരും സുരക്ഷിതമായൊരു വാക്സിൻ കണ്ടെത്തുമെന്നോ അതിനെ യു.എസിന് ആശ്രയിക്കേണ്ടി വരുമെന്നോ കരുതുന്നില്ലെന്നും ഫൗചി വ്യക്തമാക്കിയിരുന്നു.
കൊവിഡ് 19നെതിരെയുള്ള വാക്സിൻ കണ്ടെത്തുന്നതിനായി ലോകമെമ്പാടുമുള്ള ഗവേഷകർ കഠിന പരിശ്രമത്തിലാണ്. ഏകദേശം 20 ലേറെ വാക്സിനുകൾ നിലവിൽ ക്ലിനിക്കൽ ട്രയലുകളിലാണ്.
മോസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗമേലെയാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ട്രയൽ പൂർത്തിയായെന്നും വാക്സിന്റെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പുരോഗമിയ്ക്കുകയാണെന്നും മിഖായിൽ മുറാഷ്കോ പറഞ്ഞതായി റഷ്യൻ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് ഗമേലെയയുടെ വാക്സിന്റെ മനുഷ്യരിലുള്ള ആദ്യ ഘട്ടം വിജയിച്ചതായി റഷ്യൻ ശാസ്ത്രജ്ഞർ അറിയിച്ചത്. ഗമേലെയയെ കൂടാതെ റഷ്യയിൽ സൈബീരിയയിലെ വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വാക്സിനും മനുഷ്യരിലുള്ള പരീക്ഷണം തുടങ്ങി കഴിഞ്ഞു.