pic

ഹെെദ്രാബാദ്: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ അംഗീകാരം നൽകി. ഇതേതുടർന്ന് തലസ്ഥാനം അമരാവതിയിൽ നിന്നും വിശാഖപട്ടണത്തിലേക്ക് മാറ്റുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ജഗൻ മോഹൻ റെഡ്ഡി സർക്കാർ. തലസ്ഥാനം മാറ്റുന്നതിനെതിരെ അമരാവതിയിലെ കർഷകർ ഹെെക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കർഷകരുടെ ത്യാഗത്തെ പറ്റി സർക്കാർ ചിന്തിക്കുന്നില്ലെന്നും ജുഡീഷ്യറിയിലാണ് പ്രതീക്ഷയെന്നും അമരാവതി പരിരക്ഷൺ സമിതി ജോയിന്റ് ആക്ഷൻ കമ്മിറ്റി നേതാവ് എ.ശിവ റെഡ്ഡി പറഞ്ഞു.

ഇതിന്റ ഭാഗമായി വിശാഖപട്ടണത്ത് സുരക്ഷാ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചു. വിശാഖപട്ടണം പൊലീസ് കമ്മീഷണർ ആർ.കെ മീനയുടെ നേതൃത്വത്തിലുള്ള സമിതിയിൽ എട്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടും. വിശാഖപട്ടണം തലസ്ഥാന നഗരമാക്കി മാറ്റുന്നതിന് വേണ്ടിയുളള ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കമ്മിറ്റി പഠിക്കും.അതോടൊപ്പം സുരക്ഷക്കായി അധിക പൊലീസ് സേനയുടെ ആവശ്യവും സമിതി വിലയിരുത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാനും ഡി.ജി.പി ഗൗതം സവാംഗ് നിർദ്ദേശിച്ചു.ഓഫീസുകൾ ഘട്ടം ഘട്ടമായി മാറ്റാനാണ് സർക്കാർ നീക്കം. പദ്ധതി പ്രകാരം എല്ലാം നടന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളും ഒക്ടോബർ 25 നകം വിശാഖപട്ടണത്തേക്ക് മാറ്റും.

ചന്ദ്രബാബു നായിഡുവിന്റെ ഭരണകാലത്ത് തലസ്ഥാനത്തിന്റെ വികസനത്തിനായി 34,000 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിന് വിട്ടുകൊടുത്ത അമരാവതിയിലെ കർഷകർ സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. തുള്ളൂരു, മന്ദടം, വെങ്കടയപാലം എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കർഷകർ ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. അമരാവതിയിൽ തലസ്ഥാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് കർഷകർ നടത്തിയ ത്യാഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ ചിന്തിക്കുന്നില്ലെന്നും, സർക്കാർ നടപടിക്കെതിരെ ഹെെക്കോടതിയെ സമീപിക്കുമെന്നും കർഷകർ പറഞ്ഞു.