ഫ്ലോറിഡ: കൊവിഡിന് പിന്നാലെ പുതിയ ഭയത്തിന്റെ 'വിത്തു'പാകി ചൈന. അമേരിക്ക, ക്യാനഡ, ന്യൂസിലൻഡ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് തപാൽ വഴി ലഭിച്ച ദുരൂഹമായ ചില പാക്കറ്റുകളാണ് ഈ ഭീതിക്ക് കാരണമാകുന്നത്. തപാൽ പെട്ടികൾ വഴി 'മെയ്‌ഡ് ഇൻ ചൈന' എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ ഒട്ടിച്ച പാക്കറ്റുകളാണ് ഈ രാജ്യങ്ങളിലെ അനവധി വീടുകളിലേക്ക് എത്തിയത്.
ചൈനീസ്(കാന്റോണീസ്) അക്ഷരങ്ങളും രേഖപ്പെടുത്തിയ ഈ പാക്കറ്റുകളുടെ ഉള്ളടക്കം വിവിധ തരത്തിലുള്ള വിത്തുകളാണ്. പര്‍പ്പിള്‍ നിറത്തിലുള്ള തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഏതോ ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ നിരവധി വിത്തുകള്‍ ലഭിച്ചിരിക്കുന്നത്.
മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയില്‍ നിന്നാണെന്നുള്ളതും സംശയമുണർത്തുന്നു. ഈ വിത്തുകൾ അത് ലഭിച്ചവരാരും ഓർഡർ ചെയ്തതല്ലെന്നതും ആശങ്കയ്ക്ക് വക നൽകുന്ന കാര്യമാണ്.
ചൈനയിൽ നിന്നുമുളള പുതിയ ജൈവായുധമാണോ ഇതെന്ന ആശങ്കയിൽ സംഭവത്തെപ്പറ്റി കൂടുതല്‍ അമേരിക്കയിലെ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയും യു.എസ് ഡിപാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ചേഴ്‌സ് ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്‍ സര്‍വീസ്(എ.പി.എച്ച്.ഐ.എസ്) വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഒരു കാരണവശാലും വിത്തുകള്‍ നടരുതെന്നും അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കാഴ്ചയിൽ ഹാനികരമല്ലാത്ത ഔഷധച്ചെടികളുടെയും പൂച്ചെടികളുടെയും പച്ചക്കറികളുടെയും പുല്ലിനങ്ങളുടെയും വിത്തുകളാണ് ഏറെയും.
നിരുപദ്രവകാരിയായി തോന്നാമെങ്കിലും യു.എസിലെ ഓരോ പ്രദേശത്തെയും തനതു വിളകളെ പോലും നശിപ്പിക്കാന്‍ പോന്നതാകാം ഇവയില്‍ പലതുമെന്നും സസ്യശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിത്തിന്റെ മേൽ പുരട്ടിയിരിക്കുന്ന ലേപനത്തെക്കുറിച്ചും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള കീടനാശിനിയോ വിത്ത് കേടുകൂടാതെ ഇരിക്കാന്‍ സഹായിക്കുന്ന വസ്തുവോ ആയിരിക്കാം ഈ ലേപനമെന്നതാണ് നിഗമനം.