pic

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂടി ഉൾപ്പെടുത്തി പുതുക്കിയ ഭൂപടം നേപ്പാള്‍ ഐക്യരാഷ്ട്രസഭയ്ക്കും ഗൂഗിളിനും അയച്ചു നൽകാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നേപ്പാളി മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പുറത്തിറക്കി നേരത്തെ നേപ്പാൾ പ്രകോപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ അടങ്ങിയ ഈ ഭൂപടം ഐക്യരാഷ്ട്രസഭയ്ക്കും ഗൂഗിളിനും അയച്ചു നൽകാൻ നേപ്പാൾ ഒരുങ്ങുന്നത്.

ജൂണ്‍ ആദ്യവാരമാണ് ഈ മൂന്ന് പ്രദേശങ്ങളും നേപ്പാളിനോട് ചേര്‍ത്തുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്. ഒലി സര്‍ക്കാര്‍ പുതിയ ഭൂപടം അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. ഇന്ത്യയുടെ ഭൂപടത്തില്‍ ഉള്‍പ്പെട്ട 370 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശങ്ങളാണ് ലിംപിയാധുര, കാലാപാനി, ലിപുലേഖ് എന്നിവ. ഇന്ത്യ, ചൈന, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ലിപുലേഖ് .1962ലെ ചൈനയുമായുള്ള യുദ്ധം മുതല്‍ ഇന്ത്യ കാവല്‍ നില്‍ക്കുന്ന വളരെ തന്ത്രപ്രധാനമായ മേഖലയാണിത്.


നിലവില്‍ ഭൂപടത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ നിര്‍മാണം നടന്നുവരികയാണ്. ഇത് പൂര്‍ത്തിയായ ശേഷമാകും ഐക്യരാഷ്ട്രസഭയ്ക്കും ഗൂഗിളിനും ഇത് അയച്ചുകൊടുക്കുക. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം ഉടന്‍ പുറത്തിറക്കുമെന്ന് നേപ്പാളിലെ റവന്യു മന്ത്രിയായ പദ്മ ആര്യാല്‍ പറഞ്ഞു.ഇന്ത്യയുടെ സൈനിക നിരീക്ഷണ കേന്ദ്രങ്ങളെന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട മേഖലകളാണിത്. ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളെച്ചൊല്ലി നേപ്പാള്‍ 1990കള്‍ മുതല്‍ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്.ഇതിന് പിന്നില്‍ ചൈനയാണെന്നും ആക്ഷേപമുണ്ട്.