കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകം അന്വേഷണ സംഘം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചു.മൂർഖൻ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ഡമ്മി പരീക്ഷണം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇത് തെളിവായി കോടതിയിൽ സമർപ്പിക്കും. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ചായിരുന്നു പരീക്ഷണം.
യുവതിയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തിയ രീതി അന്വേഷണസംഘം ഡമ്മിയുപയോഗിച്ച് പുനരാവിഷ്‌കരിച്ചു.കേസ് ശാസ്ത്രീയമായി തെളിയിക്കാൻ ഈ വീഡിയോ നിർണായക തെളിവായി മാറുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.അതേസമയം കേസിലെ കരട് കുറ്റപത്രം അന്വേഷണ സംഘം പൂർത്തിയാക്കി. ആഗസ്റ്റ് പത്തിന് മുമ്പ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചേക്കും.പാമ്പിന്റെ ഡി.എന്‍.എ പരിശോധന ഫലവും, മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനയുടേയും ഫലവും കിട്ടാനുണ്ട്.
മേയ് ഏഴിനാണ് ഉത്രയെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയ് 18ന് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ഉത്രയുടെ അച്ഛൻ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഉത്രയെ കൊലപ്പെടുത്തിയത് ഭർത്താവ് സൂരജാണെന്ന് കണ്ടെത്തിയത്.