ആലുവ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ആറുമരണം. ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി, മലപ്പുറം സ്വദേശിയായ പതിനൊന്നുമാസം പ്രയമുളള കുഞ്ഞ്, ഇടുക്കി സ്വദേശി ഏലിക്കുട്ടി ദേവസ്യ, കാസർകോട് സ്വദേശികളായ ഷെഹർബാനു, അസൈനാർ ഹാജി, കണ്ണൂർ സ്വദേശി സജിത്ത് എന്നിവരാണ് മരിച്ചത്. സി.കെ ഗോപി കളമശ്ശേരി മെഡിക്കൽ കോളേജിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നു.
ലോട്ടറി വിൽപനക്കാരനായിരുന്നു ഗോപി. സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഉറവിടം വ്യക്തമല്ല. ഹൃദ്രോഗ ബാധിതനായിരുന്നു. കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ച കുഞ്ഞിന് ആന്റിജൻ പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ വെളളിയാഴ്ച പനിബാധിച്ച് മരിച്ച നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യക്ക് ട്രൂ നാറ്റ് പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ശ്വാസതടസത്തെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അസൈനാർ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെയാണ് ഷെഹർ ബാനു മരിച്ചത്. ഉപ്പള സ്വദേശിയാണ് ഇവർ.