chinese-firm

ന്യൂഡൽഹി: ചെെനീസ് മൊബെെൽ ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ ഇന്ത്യയുടെ അടുത്ത നീക്കം. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിൽ വർദ്ധിച്ചുവരുന്ന ചെെനീസ് സ്വാധീനത്തെ കുറിച്ച് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ചെെനയുമായുള്ള വിദ്യാഭ്യാസ സഹകരണവും ഇന്ത്യ അവസാനിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. യൂണിവേഴ്സിറ്റികളുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചേക്കും. ഏഴു കോളേജുകളും യുണിവേഴ്‌സിറ്റികളുമായി സഹകരിച്ച് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാദേശിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമം പുനഃപരിശോധിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.

ഇതുസംബന്ധിച്ച് അടുത്തയാഴ്ച അവലോകനയോഗം നടത്തും. ഐ ഐ ടികൾ, ബിഎച്ച്യു, എൻ ഐ ടികളും ചൈനീസ് യൂണിവേഴ്‌സിറ്റികളുമായി ഒപ്പുവച്ച ധാരണാ പത്രങ്ങളും പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ട്. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിനും യുണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷനും വിദ്യാഭ്യാസ മന്ത്രാലയം കത്തയിച്ചിട്ടുണ്ട്. 54 ധാരണാപത്രങ്ങൾ അവലോകനം ചെയ്യാനും മന്ത്രാലയം പദ്ധതിയിട്ടു.

ചൈനയുടെ വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് നടത്തുന്ന സ്ഥാപനമാണ് ചൈനീസ് ഭാഷയും സംസ്‌ക്കാരവും പ്രോത്സാഹിക്കാന്‍ ലക്ഷ്യമിട്ടുള്ള കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ട്. ചെെനീസ് വിദ്യാഭ്യാസ മന്ത്രാലയം നേരിട്ടാണ് ധനസഹായം നടത്തുന്നത്. ഈ സ്ഥാപനത്തിനെതിരെ ഇപ്പോള്‍ യു എസും ബ്രിട്ടനുമടക്കം പല രാജ്യങ്ങളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

2019 സെപ്തംബറിൽ ബി ബി സി റിപ്പോർട്ടിൽ സർവകലാശാലകളും സ്ഥാപനങ്ങളും തമ്മിലുള്ള കരാറുകൾ വിദേശ ഇടപെടൽ നിയമം ലംഘിച്ചാണോ എന്നതിനെ കുറിച്ച് ആസ്ട്രേലിയ അന്വേഷണം ആരംഭിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു. തുട‌ർന്ന് ഏകദേശം ഒരേസമയം ലോകമെമ്പാടുമുള്ള നിരവധി സർവകലാശാലകൾ അടച്ചുപൂട്ടി.

ചൈന വിദേശരാജ്യങ്ങളില്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകളെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പൊലിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ഉന്നത അംഗങ്ങള്‍ പറഞ്ഞതായും നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഖരഗ്പൂര്‍, ബോംബെ, മദ്രാസ്, ഡല്‍ഹി, ഗുവാഹത്തി, റൂര്‍ക്കി, ഗാന്ധിനഗര്‍, ഭുവനേശ്വര്‍ ഐ ഐ ടികള്‍ക്കും ദുര്‍ഗാപൂര്‍, സുറത്കല്‍, വാറങ്കല്‍ എന്‍ ഐ ടികള്‍ക്കും കൊല്‍ക്കത്ത ഐ ഐ എസ് ഇ ആര്‍, ഐ ഐ എസ് സി ബാംഗ്ലൂര്‍, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, മണിപൂര്‍ യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് പഞ്ചാബ് എന്നീ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള മുന്‍നിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിവിധ ചൈനീസ് സര്‍വകലാശാലകളുമായി വിദ്യാഭ്യാസ സഹകരണ കരാറുണ്ട്.

2005ൽ അന്നത്തെ ചെെനീസ് പ്രധാനമന്ത്രി ഇന്ത്യസന്ദർശന വേളയിൽ ജെ എൻ യു യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ബോർഡിന്റെ സംഘടനയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതിനാൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടില്ല. ചെെനീസ് ഉദ്യോഗസ്ഥർ പിന്നീട് ഇത് പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും സർവകലാശാല വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.

ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ മേഖലയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും ചെെനീസ് നുഴഞ്ഞുകയറ്റത്തെ കുറിച്ച് സുരക്ഷാ ഏജൻസികൾ 2015 ജൂലായ് 15ന് കാബിനറ്റ് സെക്രട്ടറിയുടെ മുന്നിൽ സമർപ്പിച്ചിരുന്നു.