കാലം
1952 ഒക്ടോബർ 27
കൊൽക്കത്തയിൽ നിന്ന് ആറു മൈൽ അകലെയുള്ള ബോറൽ ഗ്രാമത്തിൽ ഒരു ചിത്രീകരണം ആരംഭിച്ചു.
സിനിമയുടെ പേര് പഥേർ പാഞ്ചലി. സോംഗ് ഓഫ് ദി ലിറ്റിൽ റോഡ് എന്ന് ഇംഗ്ളീഷിലും പാതയുടെ പാട്ട് അല്ലെങ്കിൽ വഴിപ്പാട്ടെന്നൊക്കെ മലയാളത്തിലും അർത്ഥം. സംവിധായകൻ സത്യജിത് റേ.
എന്നാൽ പഥേർ പാഞ്ചലിയുടെ നിർമ്മാണം അത്ര സുഗമമായിരുന്നില്ലെന്ന് റിലീസിംഗ് തീയതി ( 26 ആഗസ്റ്റ് 1955 ) അറിഞ്ഞാൽ മനസിലാകും. 65 വർഷം മുമ്പ് ഒരു ആഗസ്റ്റിൽ റേയും കൂട്ടരും ചിത്രത്തിന്റെ നിർമ്മാണത്തിന് ഫണ്ട് ലഭ്യമാക്കാൻ എത്രമാത്രം ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്ന് അറിഞ്ഞിരിക്കണം. റേ തുടക്കത്തിലെടുത്ത ഫുട്ടേജ് കണ്ട റാണാ ദത്ത എന്നൊരു നിർമ്മാതാവ് പണം മുടക്കാൻ തയ്യാറായെങ്കിലും അദ്ദേഹം നിർമ്മിച്ച ചില ചിത്രങ്ങളുടെ പരാജയം മൂലം പാപ്പരായി പിൻമാറി. റേയുടെ ഭാര്യ ബിജോയയുടെ ആഭരണങ്ങൾ പണയം വച്ചും വിറ്റും ഷൂട്ടിംഗ് മുടന്തിയും ഇഴഞ്ഞും മുന്നോട്ടുപോയി.
1953-54 ആയപ്പോഴേക്കും പഥേർ പാഞ്ചലിയുടെ ഷൂട്ട് ചെയ്ത നാലായിരം അടി ഫിലിമുമായി റേ ബംഗാളിലെ പ്രധാനപ്പെട്ട നിർമ്മാതാക്കളെയെല്ലാം സമീപിച്ചു. നൃത്തവും പാട്ടുമൊന്നുമില്ലാത്ത ചിത്രത്തിന്റെ കഥാഗതി അവരെയാരെയും ആകർഷിച്ചില്ല.
അന്ന് ബംഗാൾ മുഖ്യമന്ത്രി പ്രഗല്ഭനായ ബി.സി. റോയി ആയിരുന്നു.റേയുടെ അമ്മ സുപ്രഭയുടെ ഒരു സുഹൃത്തിന് മുഖ്യമന്ത്രിയുമായി അടുത്തു പരിചയമുണ്ടായിരുന്നു. മകന്റെ കഴിവിൽ ഉറച്ച വിശ്വാസമുണ്ടായിരുന്ന സുപ്രഭ ആ സുഹൃത്തിനെ കൊണ്ട് മുഖ്യമന്ത്രിയോട് വിവരം പറഞ്ഞു . സർക്കാരിന്റെ ഹോം പബ്ളിസിറ്റി വിഭാഗത്തോട് ഈ ചിത്രത്തെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ പറ്റുമോയെന്ന് നോക്കാൻ ബി.സി.റോയി ആവശ്യപ്പെട്ടു. അതിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥൻ ഫുട്ടേജ് കാണാനൊന്നും നിന്നില്ല. മുഖ്യമന്ത്രിക്കു താത്പര്യമുള്ളതായിരിക്കുമെന്ന് വിശ്വസിച്ച അയാൾ ചിത്രത്തിന്റെ പേരിൽ ആകൃഷ്ടനായി. പാതയുടെ പാട്ടാകുമ്പോൾ ഇത് റോഡ് നിർമ്മാണത്തെ പ്രോത്സാഹിക്കുന്ന ഒരു സോദ്ദേശ ചിത്രമാകുമെന്ന് അയാൾ ഉറപ്പിച്ചു.അങ്ങനെ പൊതുമരാമത്ത് വകുപ്പിന്റെ ബഡ്ജറ്റിൽ നിന്ന് പണം നൽകാമെന്ന് റിപ്പോർട്ട് നൽകി. റേയുടെ ചിത്രത്തിന് സർക്കാർ ഫണ്ട് ലഭിച്ചത് പി.ഡബ്ളു .ഡി യിൽ നിന്നായിരുന്നുവെന്നതാണ് കൗതുകകരം.
കറുപ്പും വെളുപ്പും
കളറായാൽ
പഥേർ പാഞ്ചലിയിലെ മുഖ്യ കഥാപാത്രങ്ങളായ അപ്പുവും ദുർഗയുമൊക്കെ കളറിൽ വന്നാൽ എങ്ങനെയിരിക്കും.? മേരിലാൻഡ് സർവകലാശാലയിലെ അദ്ധ്യാപകനായ അങ്കിത് ബേറയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഈ ഇന്ത്യൻ ക്ളാസിക്കിന്റെ കുറച്ചുഭാഗങ്ങൾ ഡിജിറ്റൈസ് ചെയ്ത് കളറിലാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. കാണാൻ കൗതുകമൊക്കെ തോന്നുമെങ്കിലും സുബ്രതോമിത്രയുടെ കാമറയിൽ വിടർന്ന പഥേർപാഞ്ചലിയുടെ യഥാതഥ സൗന്ദര്യത്തെ അത് കളങ്കപ്പെടുത്തുമെന്നാണ് ഭൂരിഭാഗം ആസ്വാദകരും പറയുന്നത്.
'ഒരു വ്യക്തിയുടെ സർഗശക്തിക്കുമേലുള്ള കൈകടത്തലായിട്ടേ ഇതിനെ കാണാൻ കഴിയുകയുള്ളൂ. റേ എങ്ങനെയാണോ ആ ചിത്രം സൃഷ്ടിച്ചത് അതുപോലെ തന്നെയാണ് അതിരിക്കേണ്ടത്. അതാണ് ആ ചിത്രത്തിന്റെ സൗന്ദര്യം അതിൽ കൈകടത്താൻ ആർക്കും അവകാശമില്ല." റേയ്ക്ക് ഏറ്റവും പ്രിയങ്കരനായ ഇന്ത്യൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
'കളർ ചിത്രമാക്കുന്നതിനോട് യോജിപ്പില്ല. കാരണം, പഥേർ പാഞ്ചലിയെപ്പോലുള്ള സിനിമയ്ക്ക് ഒരുമാറ്റവും ആവശ്യമില്ല. ഒരു സിനിമ ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ്. അത് സ്ഥലകാലങ്ങളുടെ ഒാർമ്മപ്പെടുത്തലുമാണ്. ഈ ക്ളാസിക് സിനിമയിൽ കളർ ചേർത്താൽ, ആ ചിത്രത്തിന്റെ സ്ഥലകാല രാശികൾ നിഷേധിക്കപ്പെടുകയായിരിക്കും ഫലം."- ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ്ഗുപ്ത പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
'എന്തും വിൽക്കാം എന്ന ഇന്നത്തെ കാഴ്ചപ്പാടിന്റെ ഫലമാണിത്. റേ നിർമ്മിച്ച ഒറിജിനലാണ് എന്നും കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അതാണ് സത്യവും." ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ. കരുൺ പറയുന്നു.
'കൃത്രിമമായി എന്ത് ചെയ്താലും അത് ബോറായിരിക്കും. കാലാതിവർത്തിയായ ഒരു ചിത്രമാണത്. പഥേർ പാഞ്ചലിയുടെ ഛായാഗ്രഹണം ലെജണ്ടറി ഫോട്ടോഗ്രാഫർ സുബ്രതോ മിത്ര ആയിരുന്നു. മണിക്കു (മണി രത്നം) വേണ്ടി ഛായാഗ്രഹണം നിർവഹിച്ച ഇരുവർ ഞാൻ സുബ്രതോജിക്കാണ് സമർപ്പിച്ചത്.അദ്ദേഹത്തിന്റെ ചില ഫ്രെയിമുകളോട് എനിക്കുള്ള താത്പര്യം ഞാൻ ഇരുവറിന്റെ ഛായാഗ്രഹണത്തിൽ പ്രകടിപ്പിച്ചിരുന്നു." ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ പറഞ്ഞു.
റേയുടെ ജന്മശതാബ്ദിയിലേക്കു കടക്കുമ്പോൾ ( 1921-2021) പഥേർ പാഞ്ചലി വീണ്ടും ചർച്ചാ വിഷയമാകുന്നത് ഈ കളർ വിവാദത്തിലൂടെയാണ്. റേ കലർപ്പില്ലാത്ത മനുഷ്യനായിരുന്നു. അത് അദ്ദേഹത്തിന്റെ സ്വഭാവത്തിലും പ്രകടമായിരുന്നു.ഇന്ദിരാഗാന്ധി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയുടെ ചുമതല വഹിക്കുമ്പോൾ ഒരിക്കൽ കൊൽക്കത്തയിൽ വന്നു.വൈകിട്ട് റേയെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചു. അന്ന് വൈകിട്ട് റേയുടെ കോഫിഹൗസ് സൗഹൃദ വലയത്തിലെ ഒരു കൂട്ടുകാരന്റെ മകളുടെ വിവാഹസത്കാരമായിരുന്നു .അതിൽ പങ്കെടുക്കുമെന്ന് റേ ആ മകൾക്ക് വാക്ക് നൽകിയിരുന്നു. ഇന്ദിരയുടെ ക്ഷണം അറിയിച്ച ഉദ്യോഗസ്ഥനോട് റേ ഇങ്ങനെ പറഞ്ഞു. 'എന്റെ സുഹൃത്തിന്റെ മകളുടെ വിവാഹസത്കാരം ഇന്ന് ഒരു ദിവസമേയുള്ളൂ. ഇന്ദിരാഗാന്ധിയെ ഇനി വേണമെങ്കിലും കാണാമല്ലോയെന്ന്." റേ പോയില്ല.