ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് ഇരട്ടിക്കരുത്തുമായി ഫ്രാൻസിൽ നിന്ന് ആയുധ സജ്ജമായി എത്തിയ അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ സുസജ്ജം. റാഫേൽ വിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രൻ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെന്ന് നിശ്ചയിക്കപ്പെട്ടത് തന്ത്രപരവും ചരിത്രപരവുമായ ചില കാരണങ്ങൾകൊണ്ടുതന്നെയാണ്.
റാഫേൽ വിമാനങ്ങൾ അംബാല ആസ്ഥാനമായ 17-ാം ഗോൾഡൻ ആരോസ് സ്‌ക്വാഡ്രണിലാണ് ഉൾപ്പെടുത്തിയത്. 17-ാം സ്‌ക്വാഡ്രണിന്റെ കമാൻഡിംഗ് ഓഫീസർ ഹർകിരാത്ത് സിംഗിന്റെ നേതൃത്വത്തിൽ ഏഴ് പൈലറ്റുമാരാണ് വിമാനങ്ങൾ പറത്തിയത്. അയൽ രാജ്യത്തെത്തി ആക്രമണം നടത്താനും യുദ്ധക്കപ്പലുകളെ നേരിടാനും അണുവായുധം വഹിക്കാനും ശേഷിയുള്ള യുദ്ധവിമാനമാണ് റാഫേൽ.
എന്തുകൊണ്ട് അംബാല?
ഐ എ എഫിന്റെ ഏറ്റവും പഴയ വ്യോമതാവളമാണ് അംബാല. ചരിത്രപരമായും തന്ത്രപരമായ പ്രാധാന്യത്തിലും ഏറെ മുന്നിട്ടുനിൽക്കുന്നു. 220 കോടിയുടെ വിമാനത്താവളമാണ് റാഫേലിനായി അംബാലയിലൊരുക്കിയത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മദ്ധ്യദൂര ബഹുദൗത്യ പോർവിമാനമായ റാഫേലിന്റെ ആദ്യബാച്ചിനെ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് വിന്യസിക്കുകയെന്നുംനേരത്തെ സൂചനകളുണ്ടായിരുന്നു.
ഏതായാലും റാഫേലിന്റെ വരവിൽ പാക്കിസ്ഥാൻ ഒന്നു വിറച്ചിട്ടുണ്ട്. ചൈന, പാക്കിസ്ഥാൻ അതിർത്തികളിലേക്ക് ഇവിടെ നിന്ന് തുല്യദൂരമെന്നതും അംബാലയുടെ തന്ത്രപരമായ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. അംബാലയിൽ പാകിസ്ഥാൻ ആക്രമണം നടത്തിയിട്ടുണ്ട്. 1947നുശേഷം കാർഗിൽ യുദ്ധമുൾപ്പെടെ പാക്കിസ്ഥാനുമായുണ്ടായ യുദ്ധങ്ങളിലെല്ലാം നിർണായക പങ്കുവഹിച്ചിരുന്നു അംബാല വ്യോമതാവളം. ബാലാക്കോട്ട് വ്യോമാക്രമണത്തിനും ചുക്കാൻ പിടിച്ചത് ഈ വ്യോമതാവളമായിരുന്നു. 1951-ല്‍ ആരംഭിച്ച് കാര്‍ഗില്‍ യുദ്ധം അടക്കമുള്ള നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്‌ക്വാഡ്രണ്‍ ആണ് ഗോള്‍ഡണ്‍ ആരോസ്.
പാക് അതിർത്തി 220 കിലോമീറ്റർ മാത്രം അകലെ
ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളെ തടയാൻ ബഹുതല സുരക്ഷയും മുന്നറിയിപ്പു സംവിധാനങ്ങളുമേർപ്പെടുത്തിയിട്ടുണ്ട് അംബാല വ്യോമതാവളത്തിൽ. അംബാലയിൽ നിരവധി തവണ ശത്രുക്കൾ ആക്രമണത്തിന് തുനിഞ്ഞതായി അംബാല വ്യോമതാവളത്തിൽ വർഷങ്ങളായി സേവനമനുഷ്ടിച്ച റിട്ട എയർ വെെസ് മാർഷൽ സുനിൽ നാനോദ്കർ പറഞ്ഞു. അംബാലയിൽ ജാഗ്വാർ രണ്ട് സ്‌ക്വാഡ്രണുകളും മിഗ് 21 ഒരു സ്ക്വാഡ്രണും ഉണ്ട്. ബാലാക്കോട്ട് ആക്രമിച്ച മിറാഷ് വിമാനങ്ങൾ ടേക്കോഫ് ചെയ്‌തത് ഇവിടെ നിന്നാണ്. പാക് അതിർത്തി 220 കിലോമീറ്റർ മാത്രം അകലെയാണ്.
ദൂരവും സുരക്ഷിതവും
അംബാല വ്യോമതാവളം തന്ത്രപ്രധാന മേഖലയാണ്. പടിഞ്ഞാറൻ-വടക്കൻ അതിർത്തികളിലേക്ക് എത്താൻ എളുപ്പമാണെന്ന് മാർഷൽ നാനോദ്കർ പറഞ്ഞു. എതിരാളുകളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും. വിശാലമായ പരിശീലന മേഖലയും ഇവിടെയുണ്ട്. എതിരാളികൾ നിരീക്ഷിക്കുന്നതിനാൽ അതിർത്തികളിൽ നിന്ന് വേണ്ടത്രഭാഗം മാറ്റി നിൽക്കുന്നു. അവിടെ നിലയുറപ്പിച്ച പോരാളികളെ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താം.
ഇവിടെ നിരവധി പ്രവർത്തനങ്ങൾക്ക് അടിസ്ഥാനമായതായി മറ്റൊരു മുതിർന്ന് വ്യോമ സേന ഉദ്യോഗസ്ഥൻ പറഞ്ഞു. യുദ്ധസന്നദ്ധതയ്ക്കായി സാങ്കേതികമായുള്ള സൌകര്യങ്ങളും ഇവിടെയുണ്ട്. കരസേനയുടെ 2 കോർപ്സ് ആസ്ഥനവുമായി ചേർന്ന് ശക്തമായ അടിസ്ഥാന സൌകര്യങ്ങളും സജ്ജം. അതിനാൽത്തന്നെ സെെന്യവുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കും.
ചരിത്രം
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വ്യോമത്താവളമാണ് അംബാലയിലേത്. 1919ൽ ബ്രട്ടീഷ് റോയൽ എയർഫോഴ്സിന്റെ ആസ്ഥാനമായിരുന്നു. 1948 മുതൽ 54 വരെ ഫ്ലൈയിംഗ് സ്കൂൾ ആയിരുന്നു. പിന്നീട് ഇന്ത്യൻ വ്യോമസേനാതാവളമായി. 1971 യുദ്ധങ്ങളിൽ പാകിസ്ഥാൻ ഈ താവളം ആക്രമിച്ചിരുന്നു.
1930കളിൽ ആദ്യത്തെ ഐ എ എഫ് യൂണിറ്റായ ഒന്നാം നമ്പർ സ്ക്വാഡ്രൺ സ്ഥാപിച്ചു. തുടക്കത്തിൽ കറാച്ചിയിലായിരുന്നു ഈ യൂണിറ്റെങ്കിലും പഴയ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ ഗോത്രവർഗക്കാർക്കെതിരായ കരസേന-ഐ എ എഫ് നടപടികൾക്ക് ശേഷം അംബാലയിലേക്ക് മാറ്റി. തുടക്കത്തിൽ ഡി ഹാവിലാൻഡ് 9 എ, ബ്രിസ്റ്റോൾ എഫ് 2 ബി തുടങ്ങിയവിമാനങ്ങൾ മാത്രമാണ് അംബാലയിലുണ്ടായിരുന്നത്. തുടർന്ന് 1938 ജൂൺ 18ന് അംബാല സ്ഥിര വ്യോമതാവളമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 1947-48 യുദ്ധകാലത്തും പ്രവർത്തനങ്ങളിൽ പങ്കാളിയായി. വാമ്പയർ,ടൂഫാനിസ് ,ഹണ്ടേഴ്സ് തുടങ്ങിയ വിമാനങ്ങളും അംബാല യുദ്ധങ്ങളിൽ കെെകാര്യം ചെയ്തിട്ടുണ്ട്. 1965ലെ യുദ്ധത്തിൽ പാക്കിസ്ഥാന്‍റെ ബി 57 ബോംബർ വിമാനങ്ങൾ അംബാല വ്യോമതാവളം ആക്രമിച്ചിരുന്നു. എന്നാൽ, സൈനികാവശ്യത്തിനുള്ളതല്ലാത്ത കെട്ടിടങ്ങൾക്കു മാത്രമാണ് തകരാറുണ്ടായത്. പിന്നീട് പാകിസ്ഥാന് നിരവധി തിരിച്ചടികൾ അംബാലയിൽ നിന്നുണ്ടായി.