kaumudy-news-headlines

1. ആലുവയില്‍ ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയെ അന്വേഷണത്തിന് ചുമതല. സംഭവം അത്യന്തം ദൗര്‍ഭാഗ്യകരം എന്ന് മന്ത്രി കെ.കെ ശൈലജ. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ബാലാവകാശ കമ്മിഷന്‍. ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ മകന്‍ മൂന്ന് വയസുകാരനായ പ്രിത്വിരാജ് ആണ് ചികിത്സ കിട്ടാതെ മരിച്ചത്. ഇന്നലെയാണ് കുട്ടി അബദ്ധത്തില്‍ നാണയം വിഴുങ്ങിയത്. തുടര്‍ന്ന് ആശപത്രികള്‍ കയറി ഇറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നാണ് പരാതി


2. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് എത്തിയതിനാല്‍ പ്രവേശിപ്പിക്കാന്‍ ആവില്ലെന്ന് അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. കുട്ടിയെ ആദ്യം ആലുവ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയിയിലെ നിദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളേജിലും കുട്ടിയെ കൊണ്ടു പോയിരുന്നു. കുട്ടിക്ക് പഴവും ചോറും കൊടുത്താല്‍ മതിയെന്ന് പറഞ്ഞു മടക്കി. ഇന്നലെ രാത്രി കുട്ടിയുടെ നില മോശമായി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു
3. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വന്നത് കൊണ്ട് കുട്ടിയെ അഡ്മിറ്റ് ആക്കാന്‍ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു. പീഡിയാട്രിക് സര്‍ജന്‍ ഇല്ലാതിരുന്നത് കൊണ്ടാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടതെന്നാണ് ആലുവ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടിയുടെ എക്സറേ എടുത്തിരുന്നു എന്നും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ല എന്നും സൂപ്രണ്ട് പറഞ്ഞു. കുഞ്ഞിന്റെ ചെറുകുടലില്‍ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഗാസ്‌ട്രോ സര്‍ജറി സൗകര്യം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു
4. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ. ടി സെക്രട്ടറിയും ആയിരുന്ന എം ശിവശങ്കറിന് എതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഉള്ളവര്‍ നല്‍കിയ പരാതികളിലാണ് പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയത്. ഐ.ടി വകുപ്പിലെ നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവ സംബന്ധിച്ചാണ് പരാതികള്‍. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ അനുമതി ആവശ്യമാണ്
5. 20 മണിക്കൂറുകള്‍ ചോദ്യം ചെയ്ത് വിട്ടയച്ചു എങ്കിലും സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് എന്‍.ഐ.എ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ഈ മാസം രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിക്കും എന്നാണ് അറിവ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക ആണെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള ടി.കെ റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി ആണ് എന്നാണ് എന്‍.ഐ.എ വിശദമാക്കുന്നത്. വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചിരിക്കുന്നത്. റമീസിന്റെ മൊഴി ശിവശങ്കറിന്റെ ഭാവി കൂടി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും
6. സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. ഇടുക്കി ഉള്‍പ്പെടെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 115 സെന്റീമീറ്റര്‍ വരെ മഴ ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. ഇടുക്കി ,കോഴിക്കോട് ജില്ലകളില്‍ നാളെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതി ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരാന്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കടല്‍ ആക്രമണത്തിനും സാധ്യത ഉണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയാനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
7. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമായേക്കും എന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള- കര്‍ണാടകാ തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോ മീറ്ററാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നീരിക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
8 കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനമുണ്ടായി ആറു മാസത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ലോകാരോഗ്യ സംഘടന അടിയന്തര സമിതിയാണ് മുന്നറിയിപ്പ് നല്‍കിയത്. ചൈനയ്ക്ക് പുറത്ത് നൂറു കേസുകളും ഒറ്റ മരണം പോലും ഇല്ലാതിരിക്കുകയും ചെയ്തപ്പോഴാണ് പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് സംഘടന മേധാവി ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു. 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ഡബ്ല്യു.എച്ച്.ഒ അടിയന്തര സമിതി കൊവിഡ് കാലത്ത് നാലാം തവണയാണ് ചേരുന്നത്. പുതിയ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ചും സമിതി ആലോചിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. എത്രയും വേഗം വാക്സിന്‍ വികസിപ്പിക്കുന്നത് മാത്രമാണ് കോവിഡ് നിയന്ത്രിക്കാനുള്ള ദീര്‍ഘകാല പരിഹാരമെന്നും ടെഡ്രോസ് അഥനം കൂട്ടിച്ചേര്‍ത്തു