kutti

കൊച്ചി: അബദ്ധത്തിൽ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടുമാർ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ അദ്ധ്യക്ഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നേരത്തേ സംഭവത്തിൽ സംസ്ഥാന സർക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ആലുവ കടുങ്ങല്ലൂർ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ ഏക മകൻ പൃഥ്വിരാജാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. കുഞ്ഞിന് ചികിത്സ തേടി ആലപ്പുഴ മെഡിക്കൽകോളേജ് ഉൾപ്പടെയുളള സർക്കാർ ആശുപത്രികളിൽ കയറിയിറങ്ങിയെങ്കിലും ചികിത്സ നൽകാതെ മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.