sivasanker

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തേക്കുമെന്ന് റിപ്പോർട്ട്. കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നോ എന്നതിൽ വ്യക്തതവരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

സ്വർണക്കടത്തിന് കിട്ടിയ പ്രതിഫലത്തിന് പുറമേ 1,85,000 ഡോളർ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകിയിരുന്നു. 1,35,000 ഡോളർ സ്വപ്‌നയുടെ അക്കൗണ്ടിലെത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്രതിഫലമായും വൻ തുക കിട്ടിയിട്ടുണ്ടെന്ന് സ്വപ്ന ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. യു എ ഇ സർക്കാരുമായി ബന്ധപ്പെട്ട് എൻ ജി ഒകൾ വഴി സംസ്ഥാനത്ത് നടത്തുന്ന ഭവന നിർമാണ പദ്ധതികളുടെ വിഹിതമായിട്ടായിരുന്നു ഈ പണം ലഭിച്ചതെന്നാണ് സ്വപ്‌ന പറയുന്നത്.

ഭവന പദ്ധതികൾ നിയന്ത്രിച്ചത് സ്വപ്‌നയും സരിത്തുമായിരുന്നു. ഇതിലൂടെ കിട്ടിയ കോടികൾ കണക്കിൽപ്പെടുത്താൻ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സേവനം ശിവശങ്കർ വഴി തേടിയതെന്നും മൊഴിയിൽ സ്വപ്ന പറയുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എൻ ഐ എ സ്വപ്‌നയുടെ ലോക്കറുകൾ പരിശോധിച്ചപ്പോൾ ഒരു കിലോ സ്വർണവും ഒരുകോടി രൂപയും കണ്ടെടുത്തിരുന്നു.

നേരത്തെ ശിവശങ്കറിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തെങ്കിലും സ്വപ്നയെ കസ്റ്റഡിയിൽ കിട്ടിയിരുന്നില്ല. ഇപ്പോൾ സ്വപ്ന കസ്റ്റഡിയിലുണ്ട്. ഇതേത്തുടർന്നാണ് ശിവശങ്കറിന്റെ വീണ്ടും ചോദ്യംചെയ്ത മൊഴി രേഖപ്പെടുത്താൻ ആലോചിക്കുന്നത്.