ന്യൂഡൽഹി: തായ്‌വാൻ മുൻ പ്രസിഡന്റ് ലീ ടെങ്ഹുയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ.തായ്‌വാനുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിന്റെ സൂചനയാണ് അനുശോചനത്തിലൂടെ നൽകുന്നത്. 1988 മുതൽ 2000 വരെ തായ്‌വാൻ പ്രസിഡന്റായിരുന്ന ലീ വ്യാഴാഴ്ചയാണ് അന്തരിച്ചത്. 97 വയസായിരുന്നു.
'മിസ്റ്റർ ഡെമോക്രസി' കടന്നുപോയതിൽ അനുശോചനം രേഖപ്പെടുത്തുന്നു. തായ്‌വാനിലെ ജനങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു'- തായ്‌വാനിലെ ഇന്ത്യയുടെ നയതന്ത്ര ദൗത്യമായ ഇന്ത്യാ തായ്‌പേയ് അസോസിയേഷന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
'ഡോ. ലീയുടെ നേതൃത്വവും കാഴ്ചപ്പാടും തായ്‌വാനിലെ ജനാധിപത്യത്തെയും, സാമ്പത്തിക അഭിവൃദ്ധിയെയും ആഴത്തിലാക്കാൻ സഹായിച്ചു. ഡോ. ലീയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തായ്‌വാനിലെ അദ്ദേഹത്തിന്റെ അനുയായികൾക്കും ഞങ്ങൾ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ശാശ്വത സമാധാനത്തിൽ വിശ്രമിക്കട്ടെ, '-ഇന്ത്യൻ മിഷൻ ഫേസ്ബുക്ക് അക്കൗണ്ടിൽ പറഞ്ഞു.
'അദ്ദേഹത്തിന് പ്രിയങ്കരമായിരുന്ന സ്വതന്ത്രവും, ജനാധിപത്യപരവുമായ തത്ത്വങ്ങൾ ഞങ്ങൾ ഉയർത്തിപ്പിടിക്കും. ഒപ്പം ഇന്ത്യയുമായും മറ്റ് സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായും സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതും, ഇന്തോപസഫിക് മേഖലയിലും വിശാലമായ ലോകത്തും സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉറപ്പുവരുത്തുന്നതും ഞങ്ങൾ തുടരും'- വദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൈനയുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഇന്ത്യ തായ്‌വാൻ മുൻ പ്രസിഡന്റിന് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്. ശത്രുവിന്റെ ശത്രു മിത്രം എന്ന് പറയുംപോലെ. അതുകൊണ്ട് തന്നെ ഇന്ത്യയും തായ്‌വാനും തമ്മിലുള്ള ബന്ധം തീർച്ചയായും ചൈന പേടിയോടെയായിരിക്കും വീക്ഷിക്കുക എന്ന കാര്യത്തിൽ സംശയമില്ല.