covid

തിരുവനന്തപുരം: ആറ്റിങ്ങൽ ഡിവൈ എസ് പി അടക്കം എട്ടുപൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി അടുത്തിടപഴകിയവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാർക്കുകൂടി കൊവിഡ് ബാധിച്ചെന്ന് റിപ്പോർട്ടുണ്ട്. ഇന്നലെ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് ആസ്ഥാനം അടച്ചിട്ടിരിക്കുകയാണ്.

അതിനിടെ തലസ്ഥാനത്ത് കടുത്ത ആശങ്ക ഉയർത്തി ബണ്ടുകാേളനിയിലെ പതിനേഴ് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കോളനിയിൽ മൂന്നുദിവസത്തിനിടെ 55 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൂടുതൽ കൊവിഡ് രോഗികളുളളത് തലസ്ഥാനത്താണ്. സംസ്ഥാനത്ത് ഏറ്റവും അധികം പോസിറ്റീവ്‌ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജൂലായിൽ 23 ശതമാനം രോഗികളും തിരുവനന്തപുരത്താണ്. ജൂൺ 30ന് ജില്ലയിൽ 97 പേർ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. പിന്നീടാണ് ഉറവിടമറിയാതെ മണക്കാടും വി എസ് എസ്‌ സിയിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അഞ്ചാം തീയതിയോടെ പുന്തൂറയിലും പുല്ലുവിളയിലും രോഗികളുടെ എണ്ണമുയർന്നു.17ന് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥീരീകരിച്ചു. ബീമാപളളി, വലിയതുറ, അടിമലത്തുറ, പെരുമാതുറ, അഞ്ചുതെങ്ങ്, പൊഴിയൂർ തുടങ്ങിയിടങ്ങളിൽ ലിമിറ്റഡ് ക്ലസ്റ്റുകളും രൂപപ്പെട്ടു.