ഭരണഘടന നൽകുന്ന അധികാരങ്ങളും ചുമതലകളുമനുസരിച്ച് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ആണ്. വലിയ ചുമതലകളും ഉത്തരവാദിത്വങ്ങളുമാണ് ഈ പദവിയിൽ ഭരണഘടന നിക്ഷിപ്തമാക്കിയിരിക്കുന്നത്. ചുമതലകളിലും ഉത്തരവാദിത്വങ്ങളിലും വീഴ്ചവരുത്തുന്ന വ്യക്തിക്ക് പദവിയിൽ തുടരാൻ ധാർമികാവകാശം നഷ്ടപ്പെടും.
മുഖ്യമന്ത്രിയുടെ ഓഫീസിനെ നയിക്കാൻ അദ്ദേഹം നിയോഗിച്ച വ്യക്തി ഗുരുതര കുറ്റകൃത്യം നടത്തിയവരുമായി ഉറ്റബന്ധം പുലർത്തിയെന്ന് തെളിയുകയും ആ വ്യക്തിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ പേരിൽ വ്യക്തികളോടും സ്ഥാപനങ്ങളോടും ഇടപെടാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആളാണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ. ആ വ്യക്തി അധികാര ദുർവിനിയോഗം നടത്തിയാൽ അതിനുത്തരവാദി മുഖ്യമന്ത്രിയല്ലേ? അത് അയാളുടെ വ്യക്തിപരമായ കാര്യമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒഴിയാനാവില്ല. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ല ഭരണഘടനയുടെ വിശുദ്ധ സങ്കൽപ്പങ്ങളെ മുൻനിറുത്തിയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്.
ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ
വഴിനീളെ പൊലീസ് പരിശോധനയുള്ള ഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവരെ പ്രതികൾക്ക് തടസമില്ലാതെ സഞ്ചരിക്കാനും ഓഡിയോ ക്ലിപ്പിംഗ് ഉണ്ടാക്കി മാദ്ധ്യമങ്ങൾക്ക് അയച്ച് കൊടുക്കാനും ആരാണ് സൗകര്യം ചെയ്തത് ? ആഭ്യന്തരവകുപ്പിന്റെ തലപ്പത്തുനിന്ന് ഇവർക്ക് സഹായങ്ങൾ ലഭിച്ചെന്ന് വ്യക്തമാണ്. ഇത് അന്വേഷിക്കേണ്ടതല്ലേ ?
ഗുരുതര കുറ്റകൃത്യം പുറത്തുവന്നിട്ടും പ്രതികളുടെ നീക്കങ്ങൾ എന്തുകൊണ്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശ്രദ്ധിച്ചില്ല? കേന്ദ്ര ഏജൻസികൾക്ക് എന്തുകൊണ്ട് വിവരം നൽകിയില്ല? കേന്ദ്രഏജൻസികളാണ് അന്വേഷിക്കേണ്ടതെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറിയത് സംശയാസ്പദമാണ്.
230 കിലോ സ്വർണം നയതന്ത്ര ചാനലിലൂടെ കടത്തിയ വിപുലസംഘം സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിട്ടും സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ അറിയാത്തതെന്താണ്? ഉത്തരം നൽകേണ്ടത് മുഖ്യമന്ത്രിയാണ് . രഹസ്യാന്വേഷണ ഏജൻസികൾ അറിയാത്തതാണോ , അറിഞ്ഞിട്ടും അവരുടെ വായ മൂടിക്കെട്ടിയതാണോ?
പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം കത്ത് നൽകുകയോ ആശയവിനിമയം നടത്തുകയോ ചെയ്യുന്നത്. അങ്ങനെയെങ്കിൽ, സ്വപ്നാസുരേഷിന്റെ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം.
മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനും ഡി.ജി.പിയും തമ്മിലുള്ള ബന്ധം വീഡിയോയിലൂടെ പുറത്തുവന്നിട്ടുണ്ട്. സ്വപ്നസുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ഹൈക്കോടതി ഇടപെടലുണ്ടായിട്ടും പ്രതിയാക്കാതിരിക്കാൻ ഉന്നത പൊലീസ് ഇടപെടലുണ്ടായി. സ്വപ്നയ്ക്കുള്ള പിന്തുണ ആഭ്യന്തരവകുപ്പിൽ നിന്നായതു കൊണ്ടാണ് ഗൗരവതരമായ കുറ്റകൃത്യത്തിൽ എഫ്.ഐ.ആർ എടുക്കുകയെന്ന പ്രാഥമിക നടപടിപോലും പൊലീസ് ചെയ്യാത്തത്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം
സ്വർണക്കള്ളക്കടത്തുമായി തന്റെ ഓഫീസിന്റെ ബന്ധം വ്യക്തമായിട്ടും മുഖ്യമന്ത്രി നിരപരാധി ചമയുകയാണ്. സ്വപ്ന സുരേഷ് എങ്ങനെ മുഖ്യമന്ത്രിയുടെ ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജർ തസ്തികയിൽ വൻതുക ശമ്പളം പറ്റുന്ന ജോലിക്ക് കയറി? യോഗ്യതയില്ലാത്ത ഇവരുടെ നിയമനം നിയമവിരുദ്ധമായിരുന്നെന്ന് ചീഫ് സെക്രട്ടറി ഉൾപ്പെട്ട സമിതി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറായിരുന്നു. സംഘത്തിന് സെക്രട്ടേറിയറ്റിന് വിളിപ്പാടകലെ ഫ്ളാറ്റ് ഏർപ്പാടാക്കിയത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനായിരുന്നു. ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കാലയളവിൽ നിരവധി തവണ ഈ ഫ്ളാറ്റിൽ സ്വപ്നസുരേഷ് അടക്കമുള്ള കള്ളക്കടത്ത് സംഘവുമായി ഒത്തുകൂടിയിട്ടുണ്ടെന്ന് കേസിലെ ഒന്നാംപ്രതി സരിത്ത് എൻ.ഐ.എക്ക് മൊഴി നിൽകിയിട്ടുമുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എൻ.ഐ.എ കടക്കാനൊരുങ്ങുകയാണ്. ഇനിയെങ്ങനെയാണ് ആ ഓഫീസിന് ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ പ്രവർത്തിക്കാനാവുക?
മുഖ്യമന്ത്രിയുടെ ഓഫീസിലെ അതീവ നിർണായക ഫയലുകളെല്ലാം കാണാനും തീരുമാനമെടുക്കാനും അധികാരമുള്ള ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കർ. അത്തരത്തിലൊരാൾക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടാവുകയെന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടന്നർത്ഥം. എന്തൊക്കെ രഹസ്യവിവരങ്ങൾ ചോർന്നെന്ന് കണ്ടെത്തേണ്ടതില്ലേ? ഐ.ടി വകുപ്പിലും അതിന്റെ കീഴിലുളള വിവിധ സ്ഥാപനങ്ങളിലും നടന്ന നിയമനങ്ങളെല്ലാം അനധികൃതവും ദുരൂഹവുമായിരുന്നു. പി.എസ്.സി പരീക്ഷയെഴുതി ജോലിക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളെ വിഡ്ഡികളാക്കിയാണ് യോഗ്യതയില്ലാത്തവർ കനത്ത ശമ്പളത്തിൽ സർക്കാർ ഉദ്യോഗങ്ങളിൽ കയറിപ്പറ്റിയത്.
കൊഴുത്തു തടിച്ചത് അഴിമതി
നാല് വർഷമായി പിണറായി വിജയന്റെ ഭരണം കനത്ത ഇരുമ്പുമറയ്ക്കകത്തായിരുന്നു. പൊതുജനങ്ങൾക്ക് മാത്രമല്ല സ്വന്തം പാർട്ടിയിലെ ഉന്നതനേതാക്കൾക്കും ഘടകകക്ഷികൾക്കും ഭരണത്തിന്റെ പൂമുഖത്തേക്ക് പ്രവേശനമേയില്ലായിരുന്നു. പാർട്ടിയും മുന്നണിയും മുഖ്യമന്ത്രിയുടെ മുന്നിൽ ഓച്ഛാനിച്ചു നിന്നു.
ഇരുമ്പുമറയ്ക്കകത്ത് വൻകിട കോർപ്പറേറ്റ് കൺസൾട്ടൻസികളുടെ ഏജന്റുന്മാരും ശിവശങ്കർമാരും കള്ളക്കടത്തുകാരും കളംനിറഞ്ഞാടുകയായിരുന്നു. വൻകിട പദ്ധതികൾ തട്ടിക്കൂട്ടുക, അതിന്റെ മറവിൽ കോടികൾ നൽകി അന്താരാഷ്ട്ര കൺസൾട്ടൻസികളെ നിയമിക്കുക, കമ്മിഷൻ പറ്റുക ഇതായിരുന്നു നടന്നത്. അതിന്റെ പരിണിതഫലമാണ് സെക്രട്ടേറിയറ്റിൽ പി.ഡബ്ളിയു.സി എന്ന അന്താരാഷ്ട്ര കൺസൾട്ടൻസി കമ്പനിക്ക് ഓഫീസ് തുറക്കാനുള്ള ഫയൽ നീങ്ങിയത്. പ്രതിപക്ഷം പിടികൂടിയില്ലായിരുന്നെങ്കിൽ സെക്രട്ടേറിയറ്റിൽ പി.ഡബ്ളിയു.സിയുടെ ബോർഡ് തൂങ്ങുമായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസോ വകുപ്പുകളോ ആണ് അഴിമതികളുടെ പ്രഭവ കേന്ദ്രമെന്നതാണ് ഞെട്ടിക്കുന്ന കാര്യം. പ്രളയത്തിന്റെ മറവിൽ ബ്രൂവറി ഡിസ്റ്റലറികൾക്കുള്ള അനുമതിയായിരുന്നെങ്കിൽ കൊവിഡിന്റെ മറവിൽ സ്പ്രിംക്ളർ മുതലുള്ള അഴിമതി പരമ്പരയാണ് അരങ്ങേറിയത്. ജനങ്ങളുടെ ആരോഗ്യവിവരം സ്പ്രിംക്ളർ എന്ന അമേരിക്കൻ കമ്പനിക്ക് മറിച്ചുവിറ്റ് കോടികൾ തട്ടാനുള്ള ഇടപാടിന് ചുക്കാൻ പിടിച്ചതും ശിവശങ്കർ ആയിരുന്നു. മന്ത്രിസഭയെ അറിയിക്കാതെ, നിയമവകുപ്പുമായി ചർച്ച ചെയ്യാതെ, സെക്രട്ടേറിയറ്റിൽ ഫയൽ പോലും രൂപപ്പെടുത്താതെ അന്താരാഷ്ട്ര കമ്പനിയുമായി കരാറിലേർപ്പെട്ടു. ഇത് പ്രതിപക്ഷം പുറത്ത് കൊണ്ടുവരികയും ഹൈക്കോടതി കൂച്ചുവിലങ്ങിടുകയും ചെയ്തു. കേസ് തുടരുന്നു.
ബിവറേജസ് കോർപറേഷനെ അടച്ചുപൂട്ടിക്കുന്ന തരത്തിലാണ് ബെവ്ക്യൂ ആപ്പുണ്ടാക്കിയത്, പമ്പാ ത്രിവേണിയിൽ പ്രളയകാലത്ത് അടിഞ്ഞ് കൂടിയ കോടികളുടെ മണൽ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മറവിൽ സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കാനുള്ള നീക്കം, 4500 കോടി രൂപയുടെ ഇ-മൊബിലിറ്റി പദ്ധതിയിൽ ടെൻഡർ പോലും വിളിക്കാതെ പിൻവാതിലിലൂടെ പി.ഡബ്ളിയു.സിക്ക് കൺസൾട്ടൻസി നൽകിയത് തുടങ്ങി അഴിമതിയുടെ കുത്തൊഴുക്കാണുണ്ടായത്. ശബരിമല വിമാനത്താവളത്തിന്, സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമാകും മുൻപ് കൺസൾട്ടൻസിയെ വച്ച് കോടികൾ വിഴുങ്ങിയതാണ് ഏറ്റവുമൊടുവിൽ പ്രതിപക്ഷം പുറത്തു കൊണ്ടുവന്ന അഴിമതി. കെ ഫോൺ, ബംഗളൂരു, കൊച്ചി വ്യവസായ ഇടനാഴി എന്നിവയുടെ കൺസൾട്ടൻസി നിയമനവും സംശയ നിഴലിലാണ്.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിൽ കയറ്റുന്നതാണ് അഴിമതി പരമ്പരകൾ. അതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവച്ച് അഴിമതികളെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷമാവശ്യപ്പെടുന്നത്. ഇത് മുൻനിറുത്തിയാണ് ഇന്ന് 'സ്പീക്ക് അപ് കേരള" സമര പരിപാടിയുടെ ഭാഗമായി എം.പിമാരും എം.എൽ.എമാരും യു.ഡി.എഫ് നേതാക്കളും വസതികളിലോ പാർട്ടി ഓഫീസുകളിലോ സത്യാഗ്രഹമിരിക്കുന്നത്. ഇതിന് എല്ലാ ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.